ADVERTISEMENT

വീട്ടുകൂട്ടായ്മകളായ റസിഡന്റ്സ് അസോസിയേഷനുകൾ സമൂഹത്തിന് ഉപയോഗപ്രദമായ ഒട്ടനവധി സംഭാവനകൾ നൽകുന്നുണ്ട്. ജില്ലയിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്ന ചില റസിഡന്റ്സ് അസോസിയേഷനുകളെ പരിചയപ്പെടാം.

ആരോഗ്യ സംരക്ഷണത്തിന് ‘ഗ്രീൻവാലിയുടെ കോർട്ട്’ (പാലാ കവീക്കുന്ന് ഗ്രീൻവാലി റസിഡന്റ്സ് അസോസിയേഷൻ)

ആരോഗ്യമുള്ള കുടുംബമാണു പാലാ കവീക്കുന്ന് ഗ്രീൻവാലി റസിഡന്റ്സ് അസോസിയേഷന്റെ ലക്ഷ്യം. ഇതിനായി എന്തു ചെയ്യാമെന്ന തോന്നലിൽ നിന്നാണു ഷട്ടിൽ കോർട്ട് എന്ന ആശയം ഉദിച്ചത്. ഇവിടെ കുടുംബമായി വന്നു ഷട്ടിൽ കളിക്കാം. 63 കുടുംബങ്ങളാണ് അസോസിയേഷനിലുള്ളത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 11 അംഗ കമ്മിറ്റിയും പ്രവർത്തിക്കുന്നു.

രക്ഷാധികാരി കെ.ഇ.തോമസ് കദളിക്കാട്ടിൽ 5 സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെ ഷട്ടിൽ കോർട്ടിനു ജീവൻ വച്ചു. ജോസ് കെ.മാണി എംപി ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചതോടെ ആധുനിക സൗകര്യങ്ങളോടെ കോർട്ട് പൂർത്തിയായി. രാവിലെ 6 മുതൽ 8 വരെയും വൈകിട്ട് 5 മുതൽ 8 വരെയും ഷട്ടിൽ കളിക്കാൻ സമയമുണ്ട്. കോർട്ടിന്റെ അറ്റകുറ്റപ്പണികളും മറ്റു ചെലവുകളും അംഗങ്ങൾ ചേർന്ന് എടുക്കും. ഷട്ടിൽ കളിക്കുന്നതിനൊപ്പം പരസ്പരമുള്ള ആശയ വിനിമയത്തിനും സഹവർത്തിത്വത്തിനും കോർട്ട് സഹായിക്കുന്നുവെന്ന് അസോസിയേഷനിലെ അംഗങ്ങൾ പറയുന്നു.

എല്ലാവരെയും ചേർത്തുപിടിച്ച് ‘ഉദയം’ (വൈക്കം ഉദയം റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ)

ഉദയത്തിന്റെ പ്രകാശമുണ്ട്. വൈക്കത്തഷ്ടമിക്കു ധൈര്യമായി പോകാം. പ്രസിദ്ധമായ അഷ്ടമി എത്തിയതോടെ വൈക്കം ഉദയം റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ തങ്ങളുടെ പരിധിയിലെ വഴി വിളക്കുകൾ മാറ്റിസ്ഥാപിക്കുന്ന തിരക്കിലാണ്. പ്രദേശത്തെ വഴിവിളക്കുകൾ മിഴി അടഞ്ഞതോടെ സ്വന്തം ചെലവിൽ വെട്ടം എത്തിക്കാൻ ഭാരവാഹികൾ മുന്നിട്ടിറങ്ങിയത്. റോഡരികിൽ ഇതുവരെ മുന്നൂറോളം ലൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇതു മാത്രമല്ല പ്രവർത്തനം. അസോസിയേഷൻ പരിധിയിലെ കൗമാരക്കാരിൽ ലഹരി ഉപയോഗം ഇല്ലാതാക്കാൻ കൗൺസിലിങ് അടക്കമുള്ള പ്രവർത്തനങ്ങളും നടത്തുന്നു

.നിയമ പഠനക്ലാസ്, സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്വയം രക്ഷാ ക്ലാസുകൾ, ശാരീരിക–മാനസിക വെല്ലുവിളി നേരിടുന്നവരെ മുഖ്യധാരയിൽ എത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ എന്നിവയിലും അസോസിയേഷൻ സജീവം. ഒപ്പം നിർധനർക്കു ഭവനം നിർമിച്ചു നൽകുക, സൗജന്യ കംപ്യൂട്ടർ പഠനം, പിഎസ്‌സി‌ പരിശീലനം എന്നിവ ആരംഭിക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി. ആരെയും മാറ്റി നിർത്താതെ ഏകമനസ്സോടെ പുരോഗതിയിലേക്കു പോകാനാണു ശ്രമിക്കുന്നതെന്നു പ്രസിഡന്റ് മാധവൻകുട്ടി കറുകയിൽ, സെക്രട്ടറി ശ്രീജിത് പ്രതിഭ എന്നിവർ പറഞ്ഞു

കോടിമതയിലെ ‘സ്നേഹവീടുകൾ’ (കോടിമത റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ)

കോടിമത പാലത്തിന്റെ അടിയിൽ പുറമ്പോക്കിൽ താമസിച്ചിരുന്ന ഐഷ ഉമ്മയുടെ ‘വീടെന്ന’ സ്വപ്നം യാഥാർഥ്യമാക്കാൻ നടത്തിയ ഇടപെടൽ ഒന്നുമാത്രം മതി കോടിമത റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ പ്രവർത്തന മികവ് ഏറെക്കാലം ഓർക്കാൻ. ഏറെക്കാലമായി ഐഷ ഉമ്മ പാലത്തിനു സമീപം പുറമ്പോക്കിലായിരുന്നു താമസം. പകരം വീട് കണ്ടെത്താൻ കഴിയാതിരുന്നതോടെ പാലത്തിന്റെ നിർമാണവും അനിശ്ചിതത്വത്തിലായി.

ഇതിനിടെ ഒരു മനുഷ്യ സ്നേഹി ഇവർക്ക് 3 സെന്റ് സ്ഥലം സൗജന്യമായി നൽകി. സന്മനസുള്ളവരുടെ കൂട്ടായ്മ വീട് നിർമിക്കാനും സഹായിച്ചു. അവരോടൊപ്പം കോടിമത റസിഡന്റ്സ് വെൽഫെയർ അസോസിയേഷനും കൈകോർത്തു. 28 വർഷമാണ് ഇവർ പുറമ്പോക്കിൽ താമസിച്ചത്. ഇപ്പോൾ പുതിയ വീട്ടിലാണ് താമസം.

ഇതിനു പുറമേ അശരണരുടെ ആശാ കേന്ദ്രമായ സ്നേഹക്കൂട് പൂവന്തുരുത്തിൽ നിർമിക്കുന്ന അഗതികൾക്കുള്ള വീട് നിർമാണത്തിലും കോടിമത റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ പങ്കാളിയായി. കൂടാതെ അസോസിയേഷൻ സ്വന്തം നിലയിലും സേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിനു പുറമേ ആരോഗ്യ ബോധവൽക്കരണ ക്യാംപും നടത്തുന്നുണ്ടെന്നു പ്രസിഡന്റ് ജോൺ സി. ആന്റണി, സെക്രട്ടറി പി.എ. സുദർശൻ എന്നിവർ പറഞ്ഞു.

മണിയംകുന്നിന്റെ ‘കണ്ണ്’ (പൂഞ്ഞാർ മണിയംകുന്ന് റസിഡൻസ് അസോസിയേഷൻ)

പൂഞ്ഞാർ പഞ്ചായത്തിലെ മണിയംകുന്ന് റസിഡൻസ് അസോസിയേഷൻ പരിധി ഇനി ക്യാമറ നിരീക്ഷണത്തിലാണ്. പ്രദേശത്തു വർധിച്ചുവന്ന ലഹരി ഉപയോഗത്തിന്റെയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിലാണ് അസോസിയേഷൻ ഇത്തരത്തിൽ തീരുമാനമെടുത്തത്. പഞ്ചായത്തിലെ 8, 9 വാർഡുകളിലായി പ്രവർത്തിക്കുന്ന അസോസിയേഷന്റെ പ്രവർത്തന പരിധിയിൽ ഒന്നര ലക്ഷത്തോളം രൂപ ചെലവിൽ 12 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

പൊലീസിനും ക്യാമറകൾ പ്രയോജനപ്പെടുന്നു. 4 മോഷണക്കേസുകളിൽ പ്രതികളെ കണ്ടെത്താൻ ഈ ക്യാമറ ഇതുവരെ പൊലീസിനെ സഹായിച്ചിട്ടുണ്ട്. പ്രധാന പാതകളുടെ അരികിലും ജംക്‌ഷനുകളിലുമാണു ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളുടെ തൊട്ടടുത്ത വീടുകളിലാണ് ഇതിന്റെ സെർവറുകൾ. ക്യാമറ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതി നൽകുന്നതും സമീപത്തെ വീടുകളിൽ നിന്നുതന്നെ. അവശ്യഘട്ടങ്ങളിൽ പൊലീസ് ഈ വീടുകളിലെത്തി ക്യാമറകൾ നിരീക്ഷിക്കുകയും ചെയ്യുന്നു.

ക്യാമറകൾ സ്ഥാപിച്ചതോടെ പ്രദേശത്തെ മാലിന്യം തള്ളലും കുറഞ്ഞിട്ടുണ്ട്.മഴക്കാലപൂർവ ശുചീകരണം, ലഹരി വിരുദ്ധ ബോധവൽക്കരണം, പ്ലാസ്റ്റിക് നിർമാർജനത്തിനു വിവിധ പദ്ധതികൾ, സൗജന്യ രക്ത ഗ്രൂപ്പ് നിർണയം പ്രമേഹ രോഗനിർണയ ക്യാംപുകൾ എന്നിവയും ഈ അടുത്തകാലത്ത് അസോസിയേഷന്റെ പ്രധാന പ്രവർത്തനങ്ങളാണ്. സി.എം. ജോർജ് ചെമ്പകത്തിനാൽ പ്രസിഡന്റും പി പി സുരേന്ദ്രൻ പൊൻമലശ്ശേരിൽ വി. വി ജോസഫ് വെട്ടുകല്ലും പുറത്ത് ട്രഷററുമായുള്ള ഭരണസമിതിയാണ് ഇപ്പോൾ അസോസിയേഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.

കരുതലിന്റെ ‘മറുപേര്’ (ഏറ്റുമാനൂർ വടക്കേനട റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ)

കോവിഡ് കാലത്ത് സഹജീവികളെ ചേർത്തുപിടിച്ച ഏറ്റുമാനൂർ വടക്കേനട റസിഡന്റ്സ് അസോസിയേഷൻ ജില്ലയ്ക്കു തന്നെ മാതൃക കാണിച്ചു. തൊഴിൽ നഷ്ടപ്പെട്ടവർക്കായി നടത്തിയ പ്രവർത്തനമാണ് ഏറെ ശ്രദ്ധേയം. കോവിഡ് കാലത്ത് ഏറ്റുമാനൂർ പ്രദേശത്തു തൊഴിൽ നഷ്ടപ്പെട്ടവരുടെയും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെയും വിവരങ്ങൾ സർവേയിലൂടെ ശേഖരിച്ചു. തുടർന്ന് അവർക്കായി സാമ്പത്തിക സഹായങ്ങളും മരുന്നും ഭക്ഷണ സാധനങ്ങളുടെ വിതരണവും നടത്തി. ഇതു കൂടാതെ 28 പേർക്ക് തിമിര ശസ്ത്രക്രിയ നടത്തുന്നതിനു സഹായം നൽകി. അസോസിയേഷൻ അംഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളിൽ സാമ്പത്തിക സഹായവും നൽകുന്നു.ഇതിനായി കാരുണ്യ എന്ന പേരിൽ ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്

മാലിന്യ സംസ്കരണത്തിൽ ബോധവൽക്കരണ പ്രവർത്തനം, മെഡിക്കൽ ക്യാംപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ് എന്നിവയും അസോസിയേഷന്റെ പ്രവർത്തനങ്ങളാണ്.പ്രസിഡന്റ് മനോരമ തമ്പുരാട്ടി, വൈസ് പ്രസിഡന്റ് ജിനചന്ദ്ര ബാബു, സെക്രട്ടറി ഡി.രഞ്ജിത്ത്, ജോ. സെക്രട്ടറി രാധാകൃഷ്ണൻ ഇഞ്ചക്കാട്ടിൽ, ട്രഷറർ കെ.എൻ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

ആവശ്യം അറിഞ്ഞ് ‘പ്രവർത്തനം’ (ചങ്ങനാശേരി പി.ജെ.സെബാസ്റ്റ്യൻ നഗർ കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് അലോട്ടീസ് ആൻഡ് ഓണേഴ്സ് റസിഡന്റ്സ് അസോസിയേഷൻ)

അസോസിയേഷൻ അംഗങ്ങൾ നേരിടുന്ന ജലക്ഷാമ പ്രതിസന്ധി പരിഹരിക്കാൻ ജലനിധി മാതൃകയിൽ തനതു ശുദ്ധജല വിതരണ പദ്ധതി, അസോസിയേഷൻ പരിധിയിലെ റോഡുകളുടെ പരിപാലനത്തിനും ഓടകൾ വൃത്തിയാക്കുന്നതിനും പദ്ധതി, വയോമിത്രം പ്രവർത്തനങ്ങൾക്കായി ഓഫിസ് ക്രമീകരിച്ചും മറ്റു സഹായങ്ങൾ ഒരുക്കിയുമുള്ള സേവനങ്ങൾ ഇങ്ങനെ നീളുന്നു ചങ്ങനാശേരി പി.ജെ.സെബാസ്റ്റ്യൻ നഗർ കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് അലോട്ടീസ് ആൻഡ് ഓണേഴ്സ് റസിഡന്റ്സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ.

കിണറുകളിലെ വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതൽ ആയതിനാൽ ശുദ്ധജല ക്ഷാമം ഉടലെടുത്തതോടെയാണ് 4 വർഷങ്ങൾക്ക് മുൻപ് സ്വന്തം നിലയ്ക്ക് ശുദ്ധജല പദ്ധതി ഇവർ ആരംഭിച്ചത്. കുഴൽക്കിണറും 6,000 ലീറ്റർ ടാങ്കുമാണ് സ്ഥാപിച്ചത്. 26 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ദിവസവും 2 മണിക്കൂർ ജലവിതരണം നടത്തുന്നു. അസോസിയേഷൻ അംഗങ്ങളിൽ നിന്നാണ് പദ്ധതിക്കായി പണം കണ്ടെത്തിയത്. 60 കുടുംബങ്ങളാണ് ഈ അസോസിയേഷനിൽ ഉള്ളത്. അസോസിയേഷൻ പരിധിയിലുള്ള ഭാഗങ്ങളിലെ പ്രധാനപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ഇടപെടൽ നടത്തുന്നുണ്ട്. എല്ലാ ആഘോഷങ്ങളും ഇവിടെ ഉചിതമായ രീതിയിൽ കൊണ്ടാടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com