കോണത്താറ്റ് പാലം പൊളിച്ചുതുടങ്ങി: ചെറുവാഹനങ്ങൾക്കു താൽക്കാലിക പാലം, ബസുകൾ റൂട്ട് മാറ്റി ഓടും
Mail This Article
കോട്ടയം∙ കോട്ടയം – കുമരകം റൂട്ടിൽ ആറ്റാമംഗലം പള്ളിക്കു സമീപമുള്ള കോണത്താറ്റ് പാലം പൊളിച്ചു തുടങ്ങി.ചെറുവാഹനങ്ങൾക്കു പോകാൻ താൽക്കാലിക പാലം തുറന്നു കൊടുത്തു. താൽക്കാലിക പാലത്തിലൂടെ ബസ് സർവീസ് അനുവദിക്കില്ല. 2023 മേയിൽ പാലം പണി തീർക്കുമെന്നാണ് വാഗ്ദാനം. രാത്രിയിലും പകലും പണി നടക്കും.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ 34ചേർത്തല വൈക്കം ഭാഗത്തു നിന്ന് വരുന്ന ബസുകൾ പുതിയകാവ് ക്ഷേത്രത്തിനു സമീപം വരെ സർവീസ് നടത്തും.കോട്ടയത്ത് നിന്ന് വരുന്ന ബസുകൾ ആറ്റാമംഗലം പള്ളിക്കു സമീപം ട്രിപ്പ് അവസാനിപ്പിക്കും.യാത്രക്കാർ പാലത്തിന് ഇപ്പുറം ബസ് ഇറങ്ങി മറുവശത്ത് എത്തി യാത്ര തുടരണം.
ചെറിയ സ്കൂൾ ബസുകൾ മാത്രം താൽക്കാലിക പാലത്തിലൂടെ കടത്തി വിടും.മിനി ബസുകളിൽ കുട്ടികളെ കൊണ്ടുവരാൻ പഞ്ചായത്ത് അധികൃതർ സ്കൂളുകൾക്കു നിർദേശം നൽകി.ആംബുലൻസ്, ഫയർ ഫോഴ്സ് വാഹനങ്ങൾ താൽക്കാലിക റോഡിലൂടെ കടത്തിവിടും.ടൂറിസ്റ്റ് ബസുകൾ കടത്തിവിടില്ല വിനോദ സഞ്ചാരികൾക്ക് കാറിൽ വരാം.
വൈക്കം, ആലപ്പുഴ, ചേർത്തല ഭാഗത്തു നിന്ന് കോട്ടയം ടൗണിലേക്കും മെഡിക്കൽ കോളജ് ഭാഗത്തേക്കും പോകേണ്ട ഭാരവാഹനങ്ങൾ തലയാഴം –കല്ലറ–പ്രാവട്ടം –പനമ്പാലം വഴി തിരിഞ്ഞു പോകാം.കിഫ്ബിക്കാണു പാലം പണിയുടെ ചുമതല.കരാറുകാർ: പെരുമാലി, പാലത്ര കൺസ്ട്രക്‌ഷൻസ്.
17 കെഎസ്ആർടിസി ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ഇവ റൂട്ട് മാറ്റി ഓടും. കെഎസ്ആർടിസി ബസുകൾ മെഡിക്കൽ കോളജ്, കല്ലറ വഴി ചേർത്തല, വൈക്കം ഭാഗത്തേക്ക് ഓടും.രാവിലെയും വൈകിട്ടും കൃത്യമായി സർവീസ് ഉണ്ടാകും.
പുതിയ പാലം ഇങ്ങനെ
നീളം 26.20 മീറ്റർ
വീതി 13 മീറ്റർ
നടപ്പാത 1.5 മീറ്റർ( ഇരുവശങ്ങളിലും)
പ്രവേശന പാതയുടെ സ്ലാബിന്റെ നീളം 3.6(ഇരുവശങ്ങളിലും)
പ്രവേശന പാതയുടെ നീളം– കോട്ടയം ഭാഗം 30 മീറ്റർ
കുമരകം ഭാഗം 51 മീറ്റർ
പ്രവേശന പാതയുടെ വീതി 13 മീറ്റർ
എം. ബിന്ദു, കിഫ്ബി .എക്സിക്യൂട്ടീവ്. എൻജിനീയർ
18 മാസമാണ് പാലം പണിയുടെ കാലാവധി. മറ്റു തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ 7 മാസം കൊണ്ടു പണി തീർക്കുകയാണ് ലക്ഷ്യം.
കെ. അരുൺകുമാർ സെക്രട്ടറി,ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്സ്
മൂന്നാർ, തേക്കടി എന്നിവിടങ്ങളിൽ നിന്നു വരുന്ന വിനോദ സഞ്ചാരികൾക്ക് കുമരകം റൂട്ടിലെ പാലം പണിയും ഗതാഗതക്കുരുക്കും പ്രശ്നമാകും. ടൂറിസ്റ്റ് ഗ്രൂപ്പുകൾക്ക് ബസുകളിൽ എത്താൻ കഴിയാത്തത് തിരിച്ചടിയാകും. ബദൽ സംവിധാനം ഉണ്ടായില്ലെങ്കിൽ അത് ടൂറിസത്തെ ബാധിക്കും.