ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ് നേടി ജില്ലയിൽ നിന്നു 2 ആർട്ടിസ്റ്റുകൾ

Mail This Article
പത്മകുമാർ മേവട
എന്നും കലാമാർഗം
അയർക്കുന്നം ∙ മാർഗംകളിയെ നെഞ്ചോടു ചേർത്ത നൃത്താധ്യാപകൻ കുന്നികയിൽ പത്മകുമാർ മേവടയ്ക്കു ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ്. 1983 മുതൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നൃത്താധ്യാപകനാണ് ഇദ്ദേഹം. സിനിമയിൽ ഉൾപ്പെടെ മാർഗംകളിക്കും നൃത്തത്തിനും ചുവടുകൾ ഒരുക്കിയിട്ടുള്ള പത്മകുമാർ 1985ൽ കോട്ടയം ഹാദൂസയിൽ നിന്നു മാർഗംകളി, പരിചമുട്ടുകളി എന്നിവയിൽ ഡിപ്ലോമ നേടിയിരുന്നു. സംസ്ഥാനത്തിനു പുറത്തും ഈ കലകൾക്കു പരിശീലനം നൽകിവരുന്നു.
വിവിധ കലോത്സവങ്ങളിൽ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടിയ ടീമിന്റെ പരിശീലകനുമാണ്. 2012ൽ പഞ്ചാബിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു മുൻപിൽ മാർഗംകളി അവതരിപ്പിച്ചു.‘ഇട്ടിമാണി: സിനിമയിൽ മോഹൻലാലിനു മാർഗംകളിയുടെ നൃത്തച്ചുവട് ഒരുക്കിയത് പത്മകുമാറാണ്. അതെക്കുറിച്ചു പത്മകുമാർ പറയുന്നു.
മാർഗംകളി പരിശീലകരെ വയ്ക്കാതെ ആദ്യം നൃത്തച്ചുവട് ഒരുക്കിയത് മോഹൻലാലിന് ഇഷ്ടപ്പെട്ടിരുന്നില്ല. സിനിമാറ്റിക് ഡാൻസ് പോലെ തോന്നുന്നതിനാൽ മാർഗംകളി പരിശീലകരെ വിളിക്കാൻ മോഹൻലാൽ ആവശ്യപ്പെട്ടു. നടിയും നർത്തകിയുമായ സ്വാസിക ഉടൻ പത്മകുമാറിനെ വിളിച്ചു. പത്മകുമാർ ചുവടുകൾ വിഡിയോ ആക്കി അയച്ചു നൽകി. ഇതു വച്ചാണ് മോഹൻലാലിന്റെ ആ മാർഗംകളി സീനിന്റെ ചുവട് ഒരുക്കിയതെന്നും പത്മകുമാർ പറഞ്ഞു.
‘ചതുരംഗം’, ‘കട്ടപ്പനയിലെ ഹൃതിക് റോഷൻ’ എന്നീ സിനിമകളിലും മാർഗംകളി ചിട്ടപ്പെടുത്തി. 2010 ൽ ഹാദൂസ അവാർഡ്, 2011ൽ കൃപാസനം അവാർഡ്, 2013ൽ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഭാര്യ: ആലീസ്. മക്കൾ: സംഗീത, ശ്രുതിമോൾ.
ചെമ്പകക്കുട്ടി ഗോപാലൻ
പാരമ്പര്യ വഴിയേ
ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ് ലഭിച്ച ഓണംതുള്ളൽ പാട്ടിന്റെ തോഴി ചെമ്പകക്കുട്ടി ഗോപാലന് ഇത് അർഹതയ്ക്കുള്ള അംഗീകാരം. അറുപത്തഞ്ചാം വയസ്സിലും ഓണം തുള്ളൽകലയുടെ ലോകത്താണ് പുതുപ്പള്ളി പരിയാരം ആലച്ചേരിക്കുന്നേൽ ചെമ്പകക്കുട്ടി. വേലൻ സമുദായത്തിൽ പെട്ടവരാണ് ഓണംതുള്ളൽ പാട്ട് അവതരിപ്പിച്ചിരുന്നത്. മുൻപ് ഓണക്കാലങ്ങളിൽ എല്ലാ വീടുകളിലും പോയി അവതരിപ്പിച്ചിരുന്ന കലയാണിത്. ചെമ്പകക്കുട്ടിയുടെ അച്ഛൻ കാവാലം പി.കെ.കരുണാകരൻ ആകാശവാണിയിൽ ഓണംതുള്ളൽ പാട്ട് കലാകാരനായിരുന്നു.
ചെമ്പകക്കുട്ടിയും ആകാശവാണിയിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഭർത്താവ് പരേതനായ ഗോപാലൻ കാഥികനും നാടകനടനുമായിരുന്നു. മക്കൾ: ഗിരീഷ് ഗോപാൽ, ഗംഗാ ഗോപാൽ, ഗീതാ ഗോപാൽ.