ADVERTISEMENT

കോട്ടയം∙ 14 വർഷത്തിനു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് സിപിഎം. ഇടതു  ധാരണ പ്രകാരം 2 വർഷത്തിനു ശേഷം പ്രസിഡന്റ് സ്ഥാനം സിപിഐക്ക് കൈമാറും. കെ.വി. ബിന്ദുവിലൂടെയാണ് സിപിഎം ഭരണം പിടിച്ചത്. സിപിഎമ്മിൽ കെ.പി. സുഗുണനായിരുന്നു ഏറ്റവും ഒടുവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത്. ജില്ലാ പഞ്ചായത്തിന്റെ അഞ്ചാമത്തെ വനിതാ പ്രസിഡന്റാണ് ബിന്ദു.

സാക്ഷരതാ യജ്ഞത്തിലൂടെയും ഡിവൈഎഫ്ഐയിലൂടെയുമാണ് കെ.വി. ബിന്ദു പൊതു പ്രവർത്തനം ആരംഭിച്ചത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്.6 വർഷം ജില്ലാ പ്രസിഡന്റുമായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. കുമരകം ഭവനനിർമാണ സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു.

കുമരകം പഞ്ചായത്തിലും പള്ളം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തുകളിലും അംഗമായിട്ടുണ്ട്.  ശാസ്ത്രസാഹിത്യ പരിഷത്ത്സെക്രട്ടറിയുംഅധ്യാപകനുമായ ജോജി കൂട്ടുമ്മേലാണ് ഭർത്താവ്.ഏക മകൾ ജെ. മേഘ മീഡിയ അക്കാദമിയിൽ വിദ്യാർഥിയാണ്.  ജില്ലാ പഞ്ചായത്തിലേക്കുള്ള കന്നി അങ്കത്തിൽ തന്നെ പ്രസിഡന്റായ ബിന്ദു സ്വപ്ന പദ്ധതികളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും സംസാരിക്കുന്നു.

ശുചിത്വം പ്രധാന ലക്ഷ്യം

സർക്കാരിന്റെ ക്ലീൻ കേരള വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയോടു ചേർന്ന് കോട്ടയം ജില്ലയെയും മാലിന്യ മുക്തമാക്കാനുള്ള നടപടി സ്വീകരിക്കും. അതാണു പ്രധാന ലക്ഷ്യം. മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കും. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തും. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ശ്രദ്ധ നൽകും. സ്വയം തൊഴിൽ സംരംഭങ്ങൾ കൊണ്ടുവരും. യുവാക്കൾക്കും കുട്ടികൾക്കുമായി പദ്ധതികൾ നടപ്പാക്കും. എല്ലാ പഞ്ചായത്തിലും കളിസ്ഥലങ്ങൾ ഉറപ്പാക്കും. 

സ്വതന്ത്രമായി സഞ്ചരിക്കാൻ സാഹചര്യം ഉണ്ടാവണം

സ്ത്രീകൾക്ക് ഏതു സമയത്തും ആശങ്കകളില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ ജില്ലയെ സ്ത്രീസൗഹൃദമാക്കാൻ ശ്രമിക്കും. ഇതിനുള്ള സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കും. നാട് സ്ത്രീസൗഹൃദമാകാൻ  പുരുഷന്മാരുടെ പിന്തുണയും വേണം. അതിനുള്ള ശ്രമം നടത്തും. 

ശുഭേഷ്: ലാളിത്യം നിറ‍ഞ്ഞ സാന്നിധ്യം

എരുമേലി ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സിപിഐയിലെ ശുഭേഷ് സുധാകരൻ. ആർഭാടം ഒഴിവാക്കി, 10 പേരുടെ മാത്രം സാന്നിധ്യത്തിൽ സബ് റജിസ്ട്രാർ ഓഫിസിലായിരുന്നു കഴിഞ്ഞയാഴ്ച ശുഭേഷിന്റെയും ഡോ.ജയലക്ഷ്മി രാജീവന്റെയും വിവാഹം.

കാഞ്ഞങ്ങാട് സെൻട്രൽ യൂണിവേഴ്സിറ്റി അസി.പ്രഫസറാണ് ജയലക്ഷ്മി. വിവാഹം നിയമപരമായ സംവിധാനമാണെന്നും അതിൽ ആർഭാടവും  മതവും ആചാരവും ഇടകലർത്തേണ്ടതില്ലെന്നുമായിരുന്നു ശുഭേഷിന്റെ നിലപാട്. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയും എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു. കെഎസ്ഐഇ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ സിപിഐ സംസ്ഥാന കമ്മിറ്റിയംഗമാണ്.  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്ത് വനിതാ പ്രസിഡന്റുമാർ

ലതിക സുഭാഷ് (കോൺഗ്രസ്) 2000–03

അജിത സാബു (കെസിഎം) 2003–05

രാധാ വി.നായർ (കോൺഗ്രസ്) 2010–13

നിർമല ജിമ്മി (കെസിഎം) 2013–15, 

2020–23

കെ.വി.ബിന്ദു (സിപിഎം) 2023- തുടരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com