അപകടത്തിൽ മരിച്ച യുവസഹോദരങ്ങൾക്ക് അന്ത്യാഞ്ജലി; നാടിനെ കണ്ണീരിലാഴ്ത്തിയ വിയോഗം

Mail This Article
മണിമല ∙ സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവസഹോദരങ്ങൾക്ക് നാടിന്റെ അന്ത്യാഞ്ജലി. കറിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ യോഹന്നാൻ മാത്യുവിന്റെ മക്കളായ മാത്യു ജോണും (ജിസ്–35) ജിൻസ് ജോണുമാണ് (30) മരിച്ചത്. ഇവരുടെയും സംസ്കാരം മണിമല ഹോളി മാഗി ഫൊറോന പള്ളിയിൽ വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. അപകടത്തിൽപെട്ട കാർ ഓടിച്ചിരുന്ന കെ.എം.മാണിയെ (19) അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ജോസ് കെ.മാണി എംപിയുടെ മകനാണ്.
കുടുംബത്തിന് നഷ്ടമായത് അത്താണിയെ
മണിമല ∙ നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണി. മണിമലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സഹോദരങ്ങളായ മണിമല പതാലിപ്ലാവ് കുന്നുംപുറത്ത് താഴെ മാത്യു ജോൺ, ജിൻസ് എന്നിവരുടെ വിയോഗത്തിൽ നഷ്ടപ്പെട്ടത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്. നാടിനെ കണ്ണീരിലാഴ്ത്തിയാണ് ഇരുവരുടെയും വിയോഗം. ഈസ്റ്റർ ആഘോഷത്തിനു ഇരുവരും വീട്ടു സാധനങ്ങൾ വാങ്ങി വരുന്നതിനിടെയാണു അപകടം. കറിക്കാട്ടൂർ ഭാഗത്തേക്കു പോയ സ്കൂട്ടറും എതിരെ വന്ന കാറും തമ്മിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാത്യു ജോണിന്റെ ഭാര്യ അൻസു ഗർഭിണിയാണ്.
ശനിയാഴ്ച വൈകിട്ട് 6.40ന് പൊൻകുന്നം – പുനലൂർ റോഡിൽ മണിമല മൂക്കനാനിക്കൽപടിയിലായിരുന്നു അപകടം. റാന്നി ഭാഗത്തു നിന്നു വന്ന കാറും മണിമല ഭാഗത്തു നിന്നു വന്ന സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും അലക്ഷ്യമായി വാഹനമോടിച്ചതിനുമാണ് കേസ് എടുത്തതെന്ന് മണിമല പൊലീസ് അറിയിച്ചു. ജോസ് കെ.മാണിയുടെ സഹോദരിയുടെ ഭർത്താവ് സേവ്യർ മാത്യുവിന്റെ പേരിലുള്ളതാണ് വാഹനം.
മാത്യു ജോണും ജിൻസും അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നവരാണ്. ബന്ധുവീട്ടിൽനിന്നു സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു അപകടം. കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നാണ് പൊലീസ് റിപ്പോർട്ട്.