രക്ഷയ്ക്കെത്തിയത് ടോൾ ഫ്രീ നമ്പർ; എരുമേലി-പമ്പ ശബരിമല പാതയിലെ ഇരുവശങ്ങളിലെ പൊന്തക്കാടുകൾ വെട്ടി നീക്കി

Mail This Article
എരുമേലി∙ എരുമേലി - പമ്പ ശബരിമല പാതയുടെ ഇരുവശങ്ങളിലെയും പൊന്തക്കാടുകൾ ടോൾ ഫ്രീ നമ്പരിൽ പരാതി നൽകിയതോടെ പൊതുമാരമത്ത് നാഷണൽ ഹൈവേ വിഭാഗം വെട്ടിനീക്കി. അധികൃതർക്ക് നേരിട്ട് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെ പൊതുപ്രവർത്തകനും പമ്പാവാലി സ്വദേശിയുമായ ബിനു നിരപ്പേലിന്റെ ഇടപെടൽ കൊണ്ടാണ് അതിവേഗം ജോലികൾ ആരംഭിച്ചത്.
ശബരിപാതയുടെ അപകട മേഖലകളായ കണമല ഇറക്കത്തിലെയും അട്ടിവളവിലെയും വള്ളിപ്പടർപ്പുകൾ നിറഞ്ഞ കാടുകളും പരിസര പ്രദേശങ്ങളുമാണ് വെട്ടിമാറ്റപ്പെട്ടത്. മണ്ഡല - മകരവിളക്ക് മഹോത്സവത്തിന് അറുപത് ദിവസം മാത്രം ബാക്കി നിൽക്കെ മുൻകരുതലായി പാതയോരങ്ങളിലെ മുഴുവൻ കാടുകളും നീക്കം ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി അധികൃതരോട് ആവശ്യപ്പെട്ടു.