മാഞ്ഞൂർ പഞ്ചായത്തിൽ ഫാം റോഡ് നടപ്പാക്കും
Mail This Article
കുറുപ്പന്തറ ∙ മാഞ്ഞൂർ പഞ്ചായത്ത് ടൂറിസം ഗ്രാമമാകുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഫാം റോഡ് നടപ്പാക്കുന്നു. മാഞ്ഞൂർ പഞ്ചായത്ത് ഒൻപതാം വാർഡ് ചാൽ പാടശേഖരത്താണ് ഒരു കിലോമീറ്റർ ദൂരത്തിൽ ഫാം റോഡ് നിർമിക്കുന്നത്.12 ഏക്കർ വരുന്ന പാടശേഖരത്തിൽ ഫാം റോഡ് നിർമിക്കാൻ പാടശേഖരത്തിലെ മുഴുവൻ കർഷകരും സൗജന്യമായി പഞ്ചായത്തിന് ഭൂമി വിട്ടുനൽകും. ഈ ഭൂമി ഏറ്റെടുത്ത് കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ നാളെ 10 ന് ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാലാ, പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ എന്നിവർ അറിയിച്ചു.
40 വർഷമായി കൃഷിയില്ലാതെ കിടക്കുന്ന ചാൽ പാടശേഖരത്തിൽ കർഷക ക്ലബ് രൂപീകരിച്ച് കർഷകരെയും വിവിധ പദ്ധതികളുടെ ഭാഗമാക്കും. ഫാം സ്കൂൾ, പാടത്ത് താമസിച്ച് കൃഷി രീതി പഠിക്കൽ, വിത്തുൽപാദന ക്ലാസുകൾ, വിവിധ കൃഷികൾ, മത്സ്യ കൃഷി എന്നിവ നടത്താനാണ് തീരുമാനം. 18 അടി വീതിയിലാണ് ഫാം റോഡ് നിർമിക്കാൻ സ്ഥലം വിട്ടു നൽകുന്നതെന്ന് പാടശേഖരസമിതി കൺവീനർ സോമൻ മുകളേൽ, പ്രസിഡന്റ് മാധവൻ മുകളേൽ എന്നിവർ പറഞ്ഞു. ബണ്ട് റോഡിന്റെ ഇരു വശങ്ങളിലും കൃഷി ഭവനുമായി ബന്ധപ്പെട്ട് 1500 വിവിധ സസ്യങ്ങൾ നട്ടു പിടിപ്പിക്കും. പുലർച്ചെ നടത്തത്തിനും വിശ്രമത്തിനും സൗകര്യം ഒരുക്കും.ടൂറിസം പദ്ധതികൾക്ക് പഞ്ചായത്ത് പിന്തുണ നൽകുമെന്ന് പഞ്ചായത്ത് സ്ഥിര സമിതി ചെയർപഴ്സൻമാരായ ജയ്നി തോമസ്, സാലിമ്മ ജോളി, ചാക്കോ മത്തായി എന്നിവർ അറിയിച്ചു.