തിരുനക്കര ഉത്സവം നാളെ കൊടിയേറും

Mail This Article
കോട്ടയം ∙ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഉത്സവം നാളെ കൊടിയേറി 23നു സമാപിക്കും. 20 നാണു തിരുനക്കര പൂരം. 22 ഗജവീരന്മാർ അണി നിരക്കും. 21ന് വലിയ വിളക്ക് ദേശവിളക്കായി ആഘോഷിക്കും. അന്നു വൈകിട്ട് 6ന് ദേശ വിളക്കിനു അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി കിഴക്കേ ഗോപുരനടയിൽ ഭദ്രദീപം തെളിക്കും. 8 ദിവസവും ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്‌ചശ്രീബലി, വേല, സേവ.
ആറാട്ടിനു ചെന്നൈ ചിന്മയാ സിസ്റ്റേഴ്‌സ് രാധിക, ഉമ ആൻഡ് പാർട്ടിയുടെ കച്ചേരിയും വളയപ്പെട്ടി എ.ആർ.സുബ്രഹ്മണ്യം (തവിൽ) തിരുകൊള്ളൂർ ഡി ബാലാജി (വോക്കൽ) എന്നിവരുടെ നാഗസ്വര കച്ചേരിയും ഉണ്ടായിരിക്കുമെന്നു ഉപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേഷ്, വൈസ് പ്രസിഡന്റ് പ്രദീപ് മന്നക്കുന്നം, സെക്രട്ടറി അജയ് ടി നായർ, ജനറൽ കോ ഓർഡിനേറ്റർ ടി.സി.രാമാനുജം, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.കെ.ലീന എന്നിവർ അറിയിച്ചു.
കൊടിക്കൂറയും കൊടിക്കയറും ക്ഷേത്രാങ്കണത്തിൽ സമർപ്പിച്ചു
കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറ്റുന്നതിനുള്ള കൊടിക്കൂറയും കൊടിക്കയറും ക്ഷേത്രാങ്കണത്തിൽ സമർപ്പിച്ചു. ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും പങ്കെടുത്തു.