തിരുനക്കരയിൽ കൊടിയേറി; കോട്ടയം നഗരത്തിന് ഇനി ഉത്സവത്തിന്റെ ഇരവുപകലുകൾ

Mail This Article
കോട്ടയം ∙ നഗരത്തിന് ഇനി ഉത്സവത്തിന്റെ ഇരവുപകലുകൾ. തിരുനക്കര മഹാദേവക്ഷേത്രത്തിനു ചുറ്റുമുള്ള കടകളിലെല്ലാം അലങ്കാരദീപങ്ങൾ തെളിഞ്ഞു. രാവു മുഴുവൻ പരന്നൊഴുകുന്ന വെളിച്ചവും തിരക്കും തിരുനക്കര ഉത്സവത്തിന്റെ പ്രത്യേകതയാണ്. പൂരം ആഘോഷനാളിൽ ആവേശം കടലോളം ഇരമ്പും. ക്ഷേത്രമൈതാനത്തിന്റെ വലുപ്പവും സ്റ്റേജിന്റെ പ്രത്യേകതയും കലാകാരന്മാർക്കും പ്രചോദനമാണ്. കാഴ്ചക്കാർക്ക് ഇരിക്കാവുന്ന പടിക്കെട്ടുകളാണു ക്ഷേത്രമൈതാനത്തിന്റെ സൗന്ദര്യം. കഥകളിയും ഓട്ടൻതുള്ളലും ഗാനമേളയുമൊക്കെയായി ഒട്ടേറെ കലാകാരൻമാർക്ക് അവസരമൊരുക്കുന്നു ഉത്സവനാളുകൾ.
അഞ്ചാം ഉത്സവദിനമായ 18 മുതൽ വൈകിട്ട് 6നു ക്ഷേത്രത്തിനു പുറത്തു കിഴക്കേ ഗോപുരത്തിന്റെ മുന്നിൽ ആനകളും മേളവും ഒരുമിച്ചെത്തുന്ന കാഴ്ചശ്രീബലിയാണ് ഉത്സവത്തിന്റെ പ്രൗഢമായ മറ്റൊരു കാഴ്ച. നഗരത്തിന്റെ രാത്രിച്ചന്തം ചുറ്റിക്കാണാൻ എത്തുന്നവരും നിരാശരാകേണ്ടിവരില്ല. പഴയ ബസ് സ്റ്റാൻഡ് മൈതാനത്താണ് ഇത്തവണ വ്യാപാര–വിനോദ മേള. മരണക്കിണറും കുട്ടികളുടെ വിവിധയിനം കളിക്കോപ്പുകളുമായി നഗരം ആഘോഷത്തിമർപ്പിലായി.
ഭക്തിനിറവിൽ കൊടിയേറ്റ്
കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി. തന്ത്രി താഴമൺമഠം കണ്ഠര് മോഹനര്, മേൽശാന്തി ഇടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. 20നു പ്രസിദ്ധമായ തിരുനക്കര പൂരം. 22 ആനകൾ അണിനിരക്കും. 21നു വലിയ വിളക്ക്, 22നു പള്ളിവേട്ട, 23നാണ് ഉത്സവത്തിന്റെ ആറാട്ട്. എട്ടു ദിവസവും ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്‌ചശ്രീബലി, വേല, സേവ. ആറാട്ടിനു ചെന്നൈ ചിന്മയ സിസ്റ്റേഴ്‌സ് രാധിക, ഉമ ആൻഡ് പാർട്ടിയുടെ കച്ചേരിയും വളയപ്പെട്ടി എ.ആർ.സുബ്രഹ്മണ്യം (തവിൽ) തിരുകൊള്ളൂർ ഡി ബാലാജി (വോക്കൽ) എന്നിവരുടെ നാഗസ്വര കച്ചേരിയും ഉണ്ടായിരിക്കും.
ആട്ടവിളക്ക് ഇന്നു തെളിയും
കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു കഥകളിരാവുകൾക്ക് ഇന്നു തുടക്കം. ഇന്നു രാത്രി 10നു മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ കളിവിളക്ക് തെളിക്കും. കഥ– നളചരിതം ഒന്നാം ദിവസം. നളനായി കലാമണ്ഡലം കൃഷ്ണകുമാറും ദമയന്തിയായി കലാമണ്ഡലം വിപിൻ ശങ്കറും അരങ്ങിലെത്തും. കലാമണ്ഡലം വിഷ്ണുമോൻ (നാരദൻ), സദനം ഭാസി (ഹംസം). കോട്ടയ്ക്കൽ മധു, നെടുമ്പള്ളി റാം മോഹൻ (സംഗീതം), കലാമണ്ഡലം വേണു മോഹൻ (ചെണ്ട), കലാമണ്ഡലം പ്രശാന്ത് (മദ്ദളം).
18നു തോരണയുദ്ധവും 19നു കിരാതവും കഥകൾ അരങ്ങിലെത്തും. തോരണയുദ്ധത്തിൽ കോട്ടയ്ക്കൽ കേശവൻ കുണ്ഡലായർ ഹനുമാനായും കലാമണ്ഡലം സോമൻ രാവണനായും രംഗത്തെത്തും. കലാമണ്ഡലം അഖിൽ (ലങ്കാലക്ഷ്മി), കേളി അനന്തകൃഷ്ണൻ (ലങ്കശ്രീ), കലാമണ്ഡലം വിഷ്ണുമോൻ (സീത) തുടങ്ങിയവരാണു മറ്റു വേഷങ്ങൾ. കലാമണ്ഡലം അജേഷ് പ്രഭാകർ, കലാമണ്ഡലം അഖിൽ, ശ്രീദേവൻ (സംഗീതം), കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ശ്രീവിൻ (ചെണ്ട), കലാനിലയം മനോജ് (മദ്ദളം).
കിരാതം കഥയിൽ ശ്രീകൃഷ്ണനായി കലാമണ്ഡലം മിഥുനും രുക്മിണിയായി കലാമണ്ഡലം ആശ്രിതുമാണു രംഗത്ത് എത്തുന്നത്. മറ്റു വേഷങ്ങൾ: കലാമണ്ഡലം ശബരീനാഥ് (അർജുനൻ), കലാമണ്ഡലം എബിൻ ബാബു (കാട്ടാളൻ), കലാമണ്ഡലം ജിഷ്ണു രവി (കാട്ടാളസ്ത്രീ, പാർവതി), കലാമണ്ഡലം ഹരിമോൻ (ശിവൻ). സംഗീതം– ജിഷ്ണു, സാരംഗ്. ചെണ്ട– കലാമണ്ഡലം ഗണേഷ്, കലാമണ്ഡലം ശ്രീരാഗ്. മദ്ദളം– കലാമണ്ഡലം നിതിൻ രാജു, കലാമണ്ഡലം ദീപക്.
തിരുനക്കര ക്ഷേത്രത്തിൽ ഇന്ന്
∙ ക്ഷേത്രസന്നിധി: ശ്രീബലി എഴുന്നള്ളിപ്പ്– 7.15, ഉത്സവബലിദർശനം– 2.00, ദീപക്കാഴ്ച– 6.00, കൊടിക്കീഴിൽ വിളക്ക് –9.00.
∙ ശിവശക്തി കലാവേദി: വയലിൻ കച്ചേരി– 9.30, തിരുവാതിരക്കളി– 12.00, ചാക്യാർക്കൂത്ത്– പൊതിയിൽ നാരായണ ചാക്യാർ–12.30, പാഠകം– നവരോസ് ടാൻസൻ– 2.30, പ്രഭാഷണം– ഡോ. സുബ്രഹ്മണ്യം– 3.30.
തിരുവാതിരക്കളി– ശ്രീശങ്കര തിരുവാതിരക്കളി സംഘം– 5.00, ഭരതനാട്യം– 5.30, നൃത്തം –7.00, കീബോർഡ് ഡ്യൂയറ്റ് കൺസേർട്ട്– 8.00, കഥകളി (നളചരിതം ഒന്നാം ദിവസം)– 10.00.