ചുങ്കംഭാഗത്ത് കണ്ടത് കേരളത്തിലെ ഏറ്റവും വലിയ നീർനായകൾ; കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ഇനം

Mail This Article
കോട്ടയം ∙ മീനച്ചിലാറ്റിൽ ചുങ്കം ഭാഗത്ത് കണ്ടെത്തിയത് കേരളത്തിലെ ഏറ്റവും വലുപ്പം കൂടിയ നീർനായകൾ. വിശദമായ പഠനം നടത്തുമെന്നു വെറ്ററിനറി ഡോക്ടേഴ്സ് സംഘം. ജലത്തിൽ നിഷ്പ്രയാസം സഞ്ചരിക്കുന്ന നീർനായകൾ കരയിലും സഞ്ചരിക്കുന്ന ഇനമാണ്. മത്സ്യം, തവള, ഇഴജന്തുക്കൾ, ഞണ്ട് തുടങ്ങിയവയാണ് മുഖ്യ ആഹാരം. ഒഴുക്കുവെള്ളം കൂടുതൽ ഇഷ്ടപ്പെടുന്നതിനാലാണ് പുഴകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്.
സ്മൂത്ത് ഹെയർഡ് വിഭാഗത്തിൽപ്പെട്ട ഇനമാണ് മീനച്ചിലാറ്റിൽ കണ്ടെത്തിയതെന്നു സീനിയർ വെറ്ററിനറി സർജൻ ഡോ.പി.ബിജു പറഞ്ഞു. ഈ ഇനങ്ങൾക്ക് 7 മുതൽ 11 കിലോ വരെ ഭാരം ഉണ്ടാകും. ശരീരത്തിന് ഏകദേശം 1 അടി നീളവും വാലിനു അര അടി നീളവുമാണ് ഉണ്ടാവുക. ജലസ്രോതസിനു സമീപമുള്ള മാളങ്ങളിൽ ആണ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നത്.
ഒരു പ്രസവത്തിൽ ശരാശരി 5 കുഞ്ഞുങ്ങൾ ഉണ്ടാവും. ഒരു വർഷമാകുമ്പോൾ കുഞ്ഞുങ്ങളുടെ വളർച്ച പൂർത്തിയാകും. നീർനായകൾക്ക് മണത്തറിയാനുള്ള ശേഷി കൂടുതലാണെന്നും ഡോക്ടർ പറഞ്ഞു. ഇതേസമയം പ്രശ്നം നഗരസഭ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നു വാർഡ് കൗൺസിലർ ഡോ.പി.ആർ.സോന അറിയിച്ചു.