ADVERTISEMENT

കോട്ടയം ∙ ഹൃദയങ്ങൾ ശ്രുതി മീട്ടി; ആനന്ദക്കണ്ണീർ രാഗമഴ പൊഴിച്ചു. ഒന്നര പതിറ്റാണ്ടിനു ശേഷം നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കറും തകിൽ വാദകൻ വളയപ്പട്ടി എ.ആർ.സുബ്രഹ്‌മണ്യവും നേരിൽക്കണ്ടു. കെട്ടിപ്പിടിച്ചു മിനിറ്റുകളോളം ഒരേ നിൽപ്. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുകച്ചേരിക്ക് എത്തിയതായിരുന്നു വളയപ്പട്ടി. വളയപ്പട്ടിയുടെ വരവറിഞ്ഞ് കുമാരനല്ലൂരിലെ വീട്ടിൽ നിന്ന് വന്നു തിരുവിഴ. തിരുനക്കര ഇന്ദ്രപ്രസ്ഥം ടൂറിസ്റ്റ് ഹോമിലായിരുന്നു കൂടിക്കാഴ്ച.

‘‘നീ താൻ പെരിയ തമ്പി, നാൻ ചിന്നത്തമ്പി’’ സംസാരം തുടങ്ങിയതു വളയപ്പട്ടിയാണ്. 15 വർഷം മുൻപ് തിരുച്ചെന്തൂരിലാണ് ഇതിനു മുൻപ് ഒരുമിച്ചു കച്ചേരി നടത്തിയതെന്നു തിരുവിഴ. തിരുവിഴയോടൊപ്പം പൊതുവേദികളിൽ 6,696 കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ടെന്നു വളയപ്പട്ടി. ഇവർ ഒരുമിച്ച് തിരുനക്കര ക്ഷേത്രത്തിൽ മാത്രം തുടർച്ചയായി 34 വർഷം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. 2014 ലാണ് വളയപ്പട്ടി ഇതിനു മുൻപ് തിരുനക്കരയിൽ എത്തിയത്.ഇനി 6 കച്ചേരികൾ കൂടി കഴിഞ്ഞാൽ 25,000 പൊതുവേദികൾ പൂർത്തിയാക്കും. 

ഇപ്പോൾ 84 വയസ്സിന്റെ നിറവിലെത്തിയ വളയപ്പട്ടി പറഞ്ഞു. 87 വയസ്സിലെത്തിയ തിരുവിഴ ഇപ്പോൾ പൊതുപരിപാടികളിൽ പങ്കെടുക്കാറില്ല. കഴിഞ്ഞ 12നു ജന്മനാടായ കണിച്ചുകുളങ്ങര തിരുവിഴ മഹാദേവ ക്ഷേത്ര ഉത്സവത്തിൽ വിളക്കെഴുന്നള്ളത്തിന് നാഗസ്വരം വായിച്ചു. 90–ാം വയസ്സിൽ തിരുനക്കരയപ്പന്റെ നടയിൽ വായിച്ച് കലാരംഗത്ത് നിന്നു വിരമിക്കണമെന്നാണ് ആഗ്രഹമെന്നും തിരുവിഴ പറഞ്ഞു.

തിരുവനന്തപുരം ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ജോലി നോക്കുമ്പോഴാണ് തിരുവിഴ വളയപ്പട്ടിയെ പരിചയപ്പെടുന്നത്.ഇരുവരും ഒരുമിച്ച് ആകാശവാണിയിൽ കച്ചേരി അവതരിപ്പിച്ചു. അന്നു തുടങ്ങിയതാണ് സംഗീത വഴിയിലെ ഒരുമിച്ചുള്ള യാത്ര. 1985 മേയ് 11ന് മധുര മീനാക്ഷി ക്ഷേത്രത്തിൽ 101 തകിൽ വാദകരെ ചേർത്ത് വളയപ്പട്ടിയുടെ പ്രമാണത്തിൽ നടത്തിയ മേളസമന്വയത്തിനു നാഗസ്വരത്തിന്റെ ചുമതല തിരുവിഴയ്ക്കായിരുന്നു. ഭജഗോവിന്ദം, ബലപരീക്ഷ എന്നീ സിനിമകളിലും ഇവർ ഒരുമിച്ച് പശ്ചാത്തലവാദ്യം ഒരുക്കിയിട്ടുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com