കനത്ത ചൂട്: ജില്ലയിൽ 38 ഡിഗ്രി പിന്നിട്ടു; വരുംദിവസങ്ങളിലും താപനില ഉയരാൻ സാധ്യത
Mail This Article
കോട്ടയം ∙ ജില്ലയിൽ അതിതീവ്ര ചൂട്. കഴിഞ്ഞ ദിവസം 38 ഡിഗ്രി പിന്നിട്ടെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക്. തുടർച്ചയായ ദിവസങ്ങളിൽ തീവ്രമായ ചൂട് രേഖപ്പെടുത്തിയ സാഹചര്യത്തിൽ വരുംദിവസങ്ങളിലും താപനില ഉയരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ക്ഷീര, കാർഷികമേഖലകളാണു താപനില വർധിച്ചതോടെ വലയുന്നത്. വഴുതന, പയർ കൃഷികൾക്ക് ജലസേചനം ഇല്ലാതായതോടെ കർഷകർ കൃഷി ഉപേക്ഷിച്ചു. കൃഷിനാശം നേരിട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്.
പാലുൽപാദനം 30 ശതമാനം കുറഞ്ഞു
ചൂട് വർധിച്ചതോടെ ക്ഷീരമേഖലയാണ് ഏറ്റവും ദുരിതത്തിലായത്. 120 ലീറ്റർ പാൽ ഉൽപാദിപ്പിച്ചിരുന്ന ഫാമിൽ ഇപ്പോൾ 90 ലീറ്ററിൽ താഴെയാണ് പാലുൽപാദനം. 4 നേരം പശുക്കളെ ശുദ്ധജലത്തിൽ തണുപ്പിച്ച് നിർത്തിയിട്ട് പോലും പ്രയോജനമില്ലെന്നു ക്ഷീരകർഷകർ പറയുന്നു.
ഇങ്ങനെ സംരക്ഷിക്കാം പശുക്കളെ
∙ ചൂട് കൂടുതലുള്ള സമയത്ത് പശുക്കളെ മേയാൻ വിടരുത്.
∙ മേൽക്കൂരയ്ക്ക് മുകളിൽ നനഞ്ഞ ചാക്ക് വിരിക്കുകയോ സ്പ്രിൻക്ലർ ഘടിപ്പിക്കുകയോ ചെയ്യുക.
∙ കൂടിനുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കുക.
∙ആഹാരക്രമത്തിൽ ശുദ്ധജലം ഉറപ്പാക്കണം.
∙കഴിയാവുന്നവിധം പച്ചപ്പുൽ ലഭ്യമാക്കുക.