ADVERTISEMENT

വിശ്രമ ജീവിതം നയിക്കുന്ന കോട്ടയം കുടമാളൂർ കാഞ്ഞിരത്തുംകോട്ടയിൽ കെ.പി.പ്രസാദിന് (71) ഇനി ഒരു ആഗ്രഹം ബാക്കിയുണ്ട്; കേരളത്തിലെ നവോത്ഥാന നായകരുടെ ശിൽപങ്ങൾ കൊണ്ടൊരു മ്യൂസിയം. ഗാന്ധിജിയും ശ്രീനാരായണഗുരുവും ടി.കെ.മാധവനും കെ.കേളപ്പനും കെ.പി.കേശവമേനോനുമെല്ലാം ചരിത്രത്തിന്റെ ഭാഗമായി വരും. വൈക്കം സത്യഗ്രഹം ശതാബ്ദി പിന്നിട്ടതോടെ ഇതുവരെ ഉണ്ടായിട്ടുള്ള നവോത്ഥാന മുന്നേറ്റങ്ങൾ കൂടി പ്രസാദിന്റെ വിരമിക്കാത്ത കൈവിരുതിൽ പുനർജനിക്കും.

ഡൽഹി സർക്കാരിൽ തിരഞ്ഞെടുപ്പ് വിഭാഗത്തിലായിരുന്നു പ്രസാദിനു ജോലി. 2012 ൽ ഇലക്ടറൽ ഓഫിസറായി വിരമിച്ചു. പരേതയായ ഭാര്യ രാധാ പ്രസാദ് ഡൽഹിയിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ അണ്ടർ സെക്രട്ടറിയായിരുന്നു. ഏക മകൾ ദീപ്തി പ്രസാദ് ‍ഡൽഹിയിൽ കേന്ദ്രപ്രതിരോധ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ്. 37 വർഷത്തെ ഡൽഹി ജീവിതം തന്നെയാകെ മാറ്റിയെന്നു പ്രസാദ് പറയുന്നു.

26–ാം വയസ്സിലാണ് ഡൽഹിയിലെത്തി ജോലിയിൽ പ്രവേശിച്ചത്. വരയും ശിൽപവും മനസ്സിൽ ഉണ്ടായിരുന്നതിനാൽ സാംസ്കാരിക സായാഹ്നങ്ങളിൽ പങ്കെടുക്കുമായിരുന്നു. ഒരിക്കൽ ഡൽഹി നെഹ്റു പാർക്കിൽ നടന്ന ‘ഓപ്പൺ സ്റ്റുഡിയോ’യിൽ ഒരു ശിൽപം നിർമിച്ച് പ്രദർശിപ്പിച്ചു. അന്ന് അവിടെയെത്തിയ ഒരു കൂട്ടം ഗവേഷണ വിദ്യാർഥികൾ ശിൽപത്തെ അഭിനന്ദിച്ചു.

ശിൽപിയാകുന്നതു മുൻപ് നല്ല വായനക്കാരനായി. അപൂർവ എഡീഷനുകളിൽപ്പെട്ട രാമായണം മുതൽ ബൈബിൾ വരെയുണ്ട് പുസ്തക ശേഖരത്തിൽ. വായനയിൽ നിന്നാണ് നല്ല ബിംബങ്ങൾ മനസ്സിൽ പതിയുന്നത്. ശിൽപ നിർമാണത്തിന്റെ കണക്കും വ്യാകരണവും വ്യക്തമാക്കുന്ന അനേകം പുസ്തകങ്ങളും ഉണ്ട്.

അപ്പോൾ അതുവഴി വന്ന ഒരാളെ വിദ്യാർഥികൾ വളരെ ബഹുമാനപൂർവം ഈ ശിൽപം കാണിച്ചു. അദ്ദേഹം ചോദിച്ചു: ‘ഏത് ആർട്സ് കോളജിലാണ് പഠിച്ചത്? അതിമനോഹരമായിരിക്കുന്നു.’ വരയും ശിൽപ നിർമാണവും പഠിച്ചിട്ടില്ലെന്നു പ്രസാദ്. ഉടൻ വന്നു അദ്ദേഹത്തിന്റെ മറുപടി: ‘ദൈവമാണ് നിങ്ങളുടെ ഗുരു. കഴിവ് വളർത്തിയെടുക്കുക.’

അന്നു ശിൽപം കാണാനെത്തിയത് പ്രശസ്ത ശിൽപി റാം വി.സുതർ ആയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയെന്ന ഖ്യാതിയുള്ള, ഗുജറാത്തിലെ നർമദ നദിയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ശിൽപി. ആയിരത്തിയഞ്ഞൂറിൽപരം മഹാരഥന്മാരുടെ ശിൽപങ്ങൾ നിർമിച്ചിട്ടുള്ള റാം വി.സുതർ, ഏറ്റവുമധികം ഗാന്ധിപ്രതിമകളും നിർമിച്ചിട്ടുള്ളയാളാണ്. അദ്ദേഹവുമായുള്ള സൗഹൃദം പ്രസാദിനെ ശിൽപ നിർമാണത്തിൽ ഉറപ്പിച്ചു നിർത്തി.

ഡൽഹിയിൽ ജോലിയും കലയും ഒരുമിച്ചു കൊണ്ടുപോയി. വിരമിച്ച ശേഷം ഇവിടെ എത്തിയിട്ടും പ്രസാദിനു ശിൽപങ്ങൾ ഒഴിഞ്ഞൊരു മനസ്സില്ല. റാം വി.സുതറിന്റെ അനുഗ്രഹം കിട്ടിയ പ്രസാദ് ഇനി ആദ്യം നിർമിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ പ്രതിമയായിരിക്കും. കാരണം ഈ നൂറ്റാണ്ടു കണ്ട ഏറ്റവും തേജസ്സുറ്റ മലയാളികളിൽ‍ ഒരാളായി റാം വി.സുതർ കാണുന്നത് ഗുരുവിനെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com