നാടൻ പലഹാരങ്ങളുടെ രുചി അറിയാം, കള്ളു ചെത്ത് കാണാം; കുമരകത്തെ ഗ്രാമീണക്കാഴ്ചകൾ തേടി വിദേശസഞ്ചാരികൾ

Mail This Article
കുമരകം ∙ വിദേശ– ആഭ്യന്തര വിനോദ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം നേടി കുമരകത്തെ ഗ്രാമീണക്കാഴ്ചകൾ. നാട്ടുകാഴ്ചകൾ തേടി കൂടുതൽ സഞ്ചാരികൾ എത്തുന്നുണ്ട്. വിദേശികൾ ഏറെയും സൈക്കിളിലും സ്പീഡ് ബോട്ടിലുമാണു ഗ്രാമക്കാഴ്ചകളിലേക്ക് ഇറങ്ങുന്നത്. ഗ്രാമക്കാഴ്ച കാണാൻ വേണ്ടി മാത്രമായി ഇസ്രയേലിൽ നിന്നുള്ള 9 അംഗം സംഘം കുമരകത്ത് എത്തി. കഴിഞ്ഞ മാസം 150ലേറെ വിദേശ സഞ്ചാരികൾ ഉൾനാടൻ ജല ടൂറിസം യാത്ര നടത്തി. ഉത്തരവാദിത്ത ടൂറിസം പാക്കേജിന്റെ ഭാഗമായാണ് ഗ്രാമീണ കാഴ്ചകളുടെ പാക്കേജ്. ഹോട്ടലുകളിലും റിസോർട്ടുകളിലും നിന്നുമുള്ള ബുക്കിങ്ങാണ് ഏറെയും. സ്വകാര്യ ഏജൻസി വഴിയും ഉൾനാടൻ ടൂറിസത്തിന് സഞ്ചാരികൾ എത്തുന്നുണ്ട്.

അനുഭവം അൺലിമിറ്റഡ്
∙ പുഞ്ചക്കൃഷിയുടെ കാലമായതിനാൽ കുമരകത്തെയും പരിസര പഞ്ചായത്തുകളിലെയും പാടങ്ങളെല്ലാം പച്ച വിരിച്ചു നിൽക്കുന്നു. നൂറുകണക്കിന് ഏക്കർ പാടത്തെ പച്ചപ്പ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.
∙ തോടുവശങ്ങളിലെ ചായക്കടകളിൽനിന്ന് നാടൻ പലഹാരങ്ങളുടെ രുചി അറിഞ്ഞും ഗ്രാമീണ ജീവിതക്കാഴ്ചകൾ കണ്ടും സഞ്ചാരികൾ മനം നിറയ്ക്കുന്നു.
∙ തെങ്ങിൽ നിന്നു കള്ളു ചെത്തുന്നതു കാണാം. കൃഷിയിടങ്ങളിൽ അധ്വാനത്തിന്റെ പരമ്പരാഗത രീതിയും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ആധുനിക രീതിയും കണ്ടു മനസ്സിലാക്കാം. തെങ്ങിൻ തോപ്പിൽ നിന്നു മധുരമുള്ള കരിക്കിൻവെള്ളവും ഇളംതേങ്ങയും ആസ്വദിക്കാം.