കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ തിരിച്ചറിയാതെ അസ്ഥികൂടം
Mail This Article
കോട്ടയം ∙ ആരുടേതെന്നു തിരിച്ചറിയാനാകാതെ ഒരു അസ്ഥികൂടം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലായിട്ട് എട്ടുമാസം. അസ്ഥികൂടത്തിന്റെ ഡിഎൻഎ ഫലം വൈകുന്നതാണു കാരണം.മോർച്ചറിയിൽ കൂടുതൽ മൃതദേഹങ്ങൾ വന്നതോടെ അസ്ഥികൂടം മാറ്റണമെന്നു മെഡിക്കൽ കോളജ് അധികൃതർ മണർകാട് പൊലീസിനു കത്തും നൽകി. ഡിഎൻഎ ഫലം ഉടൻ നൽകണമെന്നാവശ്യപ്പെട്ടു മണർകാട് പൊലീസ് തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിനും കത്തു നൽകി. ഡിഎൻഎ ഫലം ചോദിച്ച് എട്ടുമാസത്തിനിടെ മൂന്നാമത്തെ കത്താണിത്.
വടവാതൂരിലെ റബർത്തോട്ടത്തിൽ ഉടലും തലയും വേർപെട്ട നിലയിൽ അഴുകിയ മൃതദേഹം എട്ടുമാസം മുൻപാണു കണ്ടെത്തിയത്. 2024 മേയ് 10നു കാണാതായ പാമ്പാടി സ്വദേശിയായ യുവാവിന്റെ (21) മൃതദേഹമാണിതെന്നു സംശയിക്കുന്നു. ബന്ധുക്കൾ കൊലപാതകമെന്ന് ആരോപിച്ചിരുന്നു. ഡിഎൻഎ ഫലം ലഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. അന്വേഷണം നടന്നുവരികയാണെന്നും ഫൊറൻസിക് റിപ്പോർട്ടും മറ്റു പരിശോധനാഫലങ്ങളും വന്നശേഷം മാത്രമേ തീരുമാനത്തിലെത്തൂവെന്നും മണർകാട് പൊലീസ് അറിയിച്ചു.