കടപുഴ പാലം തകർന്നുവീണു; കടപുഴ, ചക്കിക്കാവ് പ്രദേശത്തേക്കുള്ള ഗതാഗത മാർഗം മുടങ്ങി

Mail This Article
മൂന്നിലവ് ∙ 2021ലെ പ്രളയത്തിൽ കേടുപാടു പറ്റിയ മൂന്നിലവ് കടപുഴ പാലം പൂർണമായി തകർന്നു വീണു. ഇന്നലെ രാവിലെ ഒൻപതോടെ പാലത്തിന്റെ ഒരു സ്ലാബ് പൂർണമായും ആറ്റിലേക്കു വീഴുകയായിരുന്നു.
പാലം തകർന്നത്: 2021 ഒക്ടോബർ 16
കൂട്ടിക്കൽ പ്രദേശത്ത് ഉരുൾപൊട്ടൽ ദുരന്തം പെയ്തിറങ്ങിയ അതേ ദിനത്തിലാണു കടപുഴ പാലവും തകർന്നത്. മലവെള്ളപ്പാച്ചിലിൽ തടി വന്നിടിച്ചു പാലത്തിന്റെ തൂണ് ഒരു വശത്തേക്കു നിരങ്ങിമാറി. ഇതോടെ രണ്ട് സ്ലാബുകളുള്ള പാലത്തിന്റെ സ്ലാബുകൾ അകന്നു. എന്നാൽ, ചെറുവാഹനങ്ങൾ ഈ പാലം ഉപയോഗിച്ചിരുന്നു. സ്ലാബ് തകർന്ന് വീണതോടെ അതും ഇപ്പോൾ ഇല്ലാതായി.
അടഞ്ഞത് ടൂറിസം പാത
ഇല്ലിക്കൽക്കല്ല് യാത്രയ്ക്കുള്ള ഏറ്റവും എളുപ്പവഴിയാണു മൂന്നിലവ്– കടപുഴ– മേച്ചാൽ. മൂന്നിലവ് ടൗണിന് സമീപത്തുനിന്നു പാത തുടങ്ങുന്ന ഭാഗത്താണു കടപുഴ പാലം. ഇല്ലിക്കൽക്കല്ലിൽ വരുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ കടപുഴ വെള്ളച്ചാട്ടത്തിലേക്കു പോകുന്നതും ഈ വഴിയാണ്.
ആരുടെ പാലം ?
പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് എന്നിവർ പാലത്തിന്റെ ഉടമസ്ഥാവകാശത്തിൽ വ്യത്യസ്ത നിലപാടാണ്. ഒറ്റത്തവണ നിർമാണം പൂർത്തിയാക്കി പഞ്ചായത്തിന് പാലം കൈമാറിയെന്ന് പൊതുമരാമത്ത് വകുപ്പും കൈമാറി കിട്ടിയില്ലെന്നു പഞ്ചായത്തും നിലപാട് എടുക്കുന്നു. ഇതു സംബന്ധിച്ച രേഖകൾ ഒന്നുമില്ല. പാലം പുനർനിർമാണത്തിന് വിവിധ മാർഗങ്ങൾ നോക്കിയെങ്കിലും അവസാനം മൂന്നിലവ്– മേലുകാവ് പഞ്ചായത്തുകൾക്ക് ഇടയിൽ നിർദേശിച്ച ചില്ലച്ചി തോടിനു കുറുകെയുള്ള പാലം നിർമാണത്തിന്റെ ഫണ്ട് വകമാറ്റി പാലം നിർമിക്കാനാണു ശ്രമം. ഇതിനായി പൊതുമരാമത്ത്, ധനവകുപ്പുകളുടെ അനുമതി തേടി. ചില്ലച്ചി തോടിനു കുറുകെയുള്ള പാലത്തിന്റെ സമീപനപാത നിർമാണത്തിന് സ്ഥലം ലഭ്യമാകാത്തതാണു ഫണ്ട് വകമാറ്റാൻ ശ്രമം നടത്തിയത്.
ഓർമയുണ്ടോ ഈ പ്രഖ്യാപനം; മന്ത്രി വി.എൻ.വാസവന്റെ പ്രഖ്യാപനം
03 ഓഗസ്റ്റ് 2022.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന മൂന്നിലവ് പഞ്ചായത്തിലെ കടപുഴ പാലം പുനർനിർമിക്കാൻ സംസ്ഥാന സർക്കാർ പട്ടികജാതി– വർഗ വകുപ്പിൽനിന്നു തുക അനുവദിക്കും.