കുപ്പിക്കള്ളനെ തിരഞ്ഞ് ബവ്കോ; കാണാക്കള്ളന് കയ്യടിച്ച് ജനം
Mail This Article
ചങ്ങനാശേരി ∙ കുപ്പി കട്ട കള്ളനെ പൊക്കാൻ സഹായിക്കണമെന്ന് ബവ്റിജസ് കോർപറേഷൻ. കുപ്പിയിറക്കി മനുഷ്യനെ കട്ടുമുടിക്കുന്ന സർക്കാരിനെ കൊള്ളയടിക്കാൻ വന്ന അവതാരപ്പിറവിയാണ് കള്ളനെന്ന് സമൂഹ മാധ്യമത്തിൽ കമന്റുകൾ. ചങ്ങനാശേരി നഗരത്തിലെ ബവ്റിജസ് ഔട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽനിന്നു കുപ്പി മുക്കിയ മോഷ്ടാവാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കുപ്പിക്കള്ളനെ പിടികൂടാൻ സഹായം അഭ്യർഥിച്ച് സിസിടിവി വിഡിയോ പങ്കുവച്ച ബവ്റിജസ് കോർപറേഷന് ലഭിച്ചത് കള്ളനെ അഭിനന്ദിച്ചുള്ള കമന്റുകൾ. ഒരു കുടിയൻ മറ്റൊരു കുടിയനെ ചൂണ്ടിക്കാണിക്കില്ലെന്നും പറ്റിച്ച് ജീവിക്കുന്നവരെ പിന്നെയും പറ്റിക്കുന്നോടാ, പിടിച്ചുപറിക്കുന്നവരെ തന്നെ അടിച്ചുമാറ്റിയോ എന്നു തുടങ്ങി കമന്റുകളാണു നിറയുന്നത്.
മദ്യത്തിന് വില കൂട്ടി വിൽക്കുന്നതിനെതിരെയുള്ള ആളുകളുടെ രോഷവും കമന്റ് ബോക്സിൽ കാണാം. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മോഷണം. മാസ്ക് ധരിച്ച് മുഖം മറച്ചെത്തിയ മോഷ്ടാവ് തന്ത്രപൂർവം ജീവനക്കാരുടെയും ആളുകളുടെയും കണ്ണു വെട്ടിച്ച് പാന്റിനുള്ളിലേക്കു മദ്യക്കുപ്പി തിരുകി കടന്നു. കുപ്പിയുടെ എണ്ണം കുറവെന്നു കണ്ടതോടെ ജീവനക്കാർ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷണം അറിഞ്ഞത്. മോഷ്ടാവിനെ തിരിച്ചറിയുന്നവർ സഹായിക്കണമെന്ന് ബവ്റിജസിലെ ഉദ്യോഗസ്ഥൻ തന്റെ ഫോൺ നമ്പർ സഹിതമാണ് ചങ്ങനാശേരിയിലെ സമൂഹ മാധ്യമ ഗ്രൂപ്പിൽ അഭ്യർഥന പങ്കുവച്ചത്.