കല്യാണം കേമമാക്കാനും കഞ്ചാവ്; ലഹരി ഉപയോഗത്തിന് മുരിങ്ങക്ക കൊണ്ടുള്ള പ്രത്യേക ഉപകരണം

Mail This Article
കോട്ടയം ∙ തലയോലപ്പറമ്പിൽ വിവാഹാഘോഷത്തിനു സൂക്ഷിച്ച കഞ്ചാവ് പിടികൂടി. വിവാഹ പാർട്ടിക്കായി 40 ഗ്രാം കഞ്ചാവാണ് യുവാക്കളുടെ സംഘം എത്തിച്ചത്. ശനിയാഴ്ച ജില്ലയിൽ 12 കഞ്ചാവുകേസുകൾ റജിസ്റ്റർ ചെയ്തെന്നു ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് അറിയിച്ചു. മണിമല, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാമ്പാടി, തിടനാട്, ചിങ്ങവനം, ഗാന്ധിനഗർ, തലയോലപ്പറമ്പ് സ്റ്റേഷനുകളിലാണ് കേസുകൾ. 12 പ്രതികളിൽ 2 പേർ അതിഥിത്തൊഴിലാളികളാണ്.
ലഹരി ഉപയോഗത്തിന് പ്രത്യേക ഉപകരണം
ലഹരി മരുന്നു ഉപയോഗത്തിനു പ്രത്യേക ഉപകരണം. പരിശോധന ശക്തമാക്കണമെന്നു നാട്ടുകാർ. പനച്ചിക്കാട് വള്ളപ്പുരയ്ക്കൽ തോപ്പ് ഭാഗത്തു കൃഷിയിടങ്ങളിലെ കൽക്കെട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഉപകരണം കണ്ടെത്തിയത്. ഒരു വശത്ത് ദ്വാരമുണ്ടാക്കിയ പ്ലാസ്റ്റിക്കിന്റെ ചെറിയ കുപ്പിയാണ് ഇത്.. മുരിങ്ങക്ക കാമ്പ് നീക്കം ചെയ്ത് കുഴൽരൂപത്തിലാക്കിയ ഭാഗത്തു കഞ്ചാവ് നിറച്ച് തീ കൊടുത്ത ശേഷം കുപ്പിയുടെ ദ്വാരത്തിലൂടെ ഉള്ളിലേക്ക് ഇറക്കും. വെളിയിലേക്ക് തള്ളിനിൽക്കുന്ന ഭാഗത്തു പേപ്പർ ചുരുട്ടി പശ ഉപയോഗിച്ച് ഒട്ടിച്ച നിലയിലാണ്.