ദേശീയപാത അതോറിറ്റിയുടെ ഉറപ്പ്- എംസി റോഡ്: വാഴപ്പള്ളിയിലെ അപകടഭീഷണി ഒഴിവാക്കും

Mail This Article
ചങ്ങനാശേരി ∙ എംസി റോഡിൽ വാഴപ്പള്ളി സെന്റ് തെരേസ സ്കൂളിനു സമീപത്തെ അപകടഭീഷണി ഒഴിവാക്കുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. ജലഅതോറിറ്റിയുടെ അറ്റകുറ്റപ്പണിക്കുശേഷം റോഡിന്റെ ഘടനയ്ക്ക് വന്ന മാറ്റമാണ് അപകട ഭീഷണിയായത്. സ്കൂളിനു മുൻപിലെ 100 മീറ്ററോളം ഭാഗത്താണ് അപകടക്കെണി. ജലഅതോറിറ്റിയുടെ അറ്റകുറ്റപ്പണിക്കു ശേഷം റോഡിൽ കോൺക്രീറ്റ് നടത്തിയാണ് കുഴിയടച്ചത്. ഇത് കാരണം കോട്ടയം ഭാഗത്തേക്കുള്ള റോഡിന്റെ ഒരു വശം പലയിടത്തായി ഇരുന്ന് പോയ നിലയിലാണ്. റോഡിന്റെ കൊടുംവളവിലുണ്ടായ തകരാർ അപകടത്തിന് ആക്കം കൂട്ടി.
സ്ഥലപരിചയമില്ലാതെ എത്തുന്ന യാത്രക്കാർ റോഡിലെ അപകടക്കെണി ശ്രദ്ധിക്കില്ല. പലപ്പോഴും നിയന്ത്രണം നഷ്ടമായി വാഹനം കൂട്ടിയിടിക്കുന്നതും പതിവാണ്. പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്ക് ശേഷം റോഡ് തകരുന്നതും പതിവായിരുന്നു. റോഡിലെ കുഴി ഒഴിവാക്കാൻ വാഹനങ്ങൾ എതിർദിശയിലൂടെ ഓടിച്ചു പോകുന്നതും വലിയ അപകടത്തിന് കാരണമായിരുന്നു. വളവ് കൂടിയുള്ള ഭാഗമായതിനാൽ അപകടം പതിവായിരുന്നു. ദേശീയപാത അതോറിറ്റി കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ റോഡിനടിയിലൂടെ കടന്ന് പോയ ജലഅതോറിറ്റി പൈപ്പ് റോഡിന് പുറത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
റോഡ് നിർമാണം
താഴ്ന്ന് പോയ റോഡിന്റെ 100 മീറ്ററോളം ഭാഗം പൊളിച്ചുമാറ്റും. തുടർന്ന് റോഡ് ഉയർത്തി നിർമിച്ച് ഉന്നതനിലവാരത്തിൽ ടാറിങ് നടത്തി നവീകരിക്കും. നവീകരണത്തിൽ റോഡിന്റെ വളവ് നിവർത്തില്ലെന്ന് അധികൃതർ പറഞ്ഞു. നിലവിലുള്ള വീതിയിൽ തന്നെയാകും റോഡ് നവീകരിക്കുക. ചിങ്ങവനം പുത്തൻപാലത്തെ നിർമാണം കഴിഞ്ഞാലുടനെ ഇവിടത്തെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു.