ADVERTISEMENT

മുണ്ടക്കയം ∙ വനാതിർത്തിയിലെ കള കയറിയ ഭൂമിയിൽ വിളവെടുപ്പിന്റെ മഞ്ഞൾ മഹോത്സവവുമായി വനം വകുപ്പ്.  മനുഷ്യ– വന്യജീവി സംഘർഷം കുറയ്ക്കുന്നതിനു പ്രതിരോധ മാർഗങ്ങൾക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിൽ വനാതിർത്തി പ്രദേശങ്ങളിൽ പെരിയാർ ടൈഗർ റിസർവ് െവസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിലാണു മഞ്ഞൾക്കൃഷി എന്ന ആശയം നടപ്പാക്കിയത്. ആദ്യഘട്ടം വിജയത്തിൽ എത്തിയതോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.

പദ്ധതി ഇങ്ങനെ
∙വന്യമൃഗശല്യം രൂക്ഷമായതോടെ വനാതിർത്തിയിൽ കൃഷി ഉപേക്ഷിച്ച സ്ഥലങ്ങൾ കാടു കയറിയ നിലയിലായി. ഇൗ സാഹചര്യത്തിലാണു വന്യമൃഗങ്ങൾ ഭക്ഷിക്കാത്ത മഞ്ഞൾക്കൃഷി ചെയ്യാനുള്ള പദ്ധതി ആലോചിച്ചത്. വനം വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി (ഇഡിസി), അവയുടെ സ്വയം സഹായ സംഘങ്ങൾ വഴി 75,000 രൂപ ഗ്രാന്റ് നൽകി കൃഷി ആരംഭിച്ചു.

കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹകരണത്തോടെ കോരുത്തോട്, എരുമേലി പഞ്ചായത്തിന്റെ അതിർത്തിഗ്രാമങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി തുടങ്ങി. ‘പ്രഗതി’ എന്ന സങ്കരയിനത്തിലെ മഞ്ഞളാണു വിവിധ സംഘങ്ങളായി കൃഷി ചെയ്തത്. 16.45 ഏക്കറിൽ 219 ഗുണഭോക്തൃ കുടുംബങ്ങളുടെ സഹകരണത്തിൽ 7 മാസം മുൻപ് ആരംഭിച്ച കൃഷി ഇപ്പോൾ വിളവെടുത്തു വരികയാണ്.

മഞ്ഞൾ എന്ന പ്രതിരോധവഴി
∙വന്യമൃഗങ്ങൾ മഞ്ഞൾ ഭക്ഷിക്കില്ല. വനാതിർത്തിയിൽ വന്യമൃഗങ്ങൾ ഇറങ്ങിയാലും കൃഷി സുരക്ഷിതമായിരിക്കും. കാട്ടാനകൾ ഇറങ്ങി ചവിട്ടിയാലും മണ്ണിനടിയിൽ ആയതിനാൽ വലിയ വിള നഷ്ടം ഉണ്ടാകില്ല.

ഗുണങ്ങൾ
∙വന്യജീവികളെ ഭയന്ന് കൃഷി ഉപേക്ഷിച്ച ഒട്ടേറെ സ്ഥലങ്ങൾ വീണ്ടെടുക്കാൻ കഴിയും.
∙കാർഷിക മേഖലയിൽ പുതിയ ഉണർവ്.
∙നാട്ടിലെ കാടു പിടിച്ച സ്ഥലങ്ങളിൽ താവളമാക്കിയ പന്നികൾ പോലെയുള്ള ജീവികളുടെ ശല്യം കുറയും.
∙ആദിവാസികൾ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.
∙തദ്ദേശീയർക്ക് വരുമാനവഴി.
∙പൊതുജനവും വനംവകുപ്പുമായുള്ള ബന്ധം ദൃഢമാക്കുക.
∙വനം അതിർത്തിയിലെ മഞ്ഞൾ കൃഷി വഴി മൃഗങ്ങളെ അകറ്റിനിർത്തി. കൂടുതൽ കൃഷി വ്യാപിപ്പിക്കാൻ കഴിയും.

ഇനി ലക്ഷ്യം
∙ആദ്യ ഘട്ടത്തിൽ പദ്ധതി പൂർണ വിജയം ആയതോടെ ഇൗ വർഷത്തിൽ 20 ഏക്കറിൽ നിന്ന് 1.5 ടൺ പച്ചമഞ്ഞൾ വിളവ് പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞൾപ്പൊടി നിർമാണം, ഉണക്കമഞ്ഞൾ എന്നിവ നിർമിച്ച് ഇക്കോ ഷോപ്പുകൾ വഴി വിപണനം ചെയ്യാനും ലക്ഷ്യമിടുന്നു. മഞ്ഞളിൽ നിന്നു കുർക്കുമിൻ വേർതിരിച്ചെടുക്കുന്ന ഫാക്ടറി ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസികളുടെ ഉടമസ്ഥതയിൽ ആരംഭിക്കാനും പദ്ധതിയുണ്ട്.

English Summary:

Turmeric cultivation successfully combats human-wildlife conflict in Mundakkayam. This innovative project, spearheaded by the Periyar Tiger Reserve, generates income and strengthens community ties, offering a model for sustainable solutions.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com