കെഎസ്ആർടിസി ബജറ്റ് ടൂറിസം: ഉല്ലാസയാത്രയുടെ വഴികളിൽ ഒരു വർഷം...

Mail This Article
എരുമേലി ∙ ഉല്ലാസയാത്രയുടെ വഴികളിൽ എരുമേലി കെഎസ് ആർടിസി ഒരു വർഷം പൂർത്തിയാക്കുന്നു. കഴിഞ്ഞ ഏപ്രിലിലാണ് എരുമേലി ഡിപ്പോയിൽ നിന്നു ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഉല്ലാസയാത്രകൾ ആരംഭിച്ചത്. ബജറ്റ് ടൂറിസം വഴി മാത്രം എരുമേലി കെഎസ് ആർടിസിക്ക് ഇതുവരെ പത്തര ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു. ആദ്യ യാത്രയായ ചതുരംഗപ്പാറ– മൂന്നാർ ഗ്യാപ് റോഡ് ട്രിപ് മുതൽ മഞ്ഞും മലകളും തിരകളും കായലോരങ്ങളും കാട്ടിലെ വേറിട്ട കാഴ്ചകളും നിറയുന്ന യാത്രയിൽ സീറ്റുകൾ ഉറപ്പിക്കുന്നതിനായി യാത്രാപ്രേമികൾ ഇടിച്ചുകയറിയതോടെ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ ജനപ്രിയമായി.
ആദ്യയാത്ര പോയ ചതുരംഗപ്പാറ തന്നെയാണ് എരുമേലിയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടയിടം. ഒപ്പം മൂന്നാറിന്റെയും മറയൂരിന്റെയും മനോഹര കാഴ്ചകൾ കണ്മുന്നിൽ തുറക്കുന്ന മറയൂർ ട്രിപ്, കപാലി എന്ന കൊമ്പൻ ഭരിക്കുന്ന ആനക്കാട്ടിലൂടെയുള്ള യാത്ര ഉൾപ്പെടെ സഞ്ചാരികളെ ത്രസിപ്പിക്കുന്ന അതിരപ്പള്ളി– വാഴച്ചാൽ– മലക്കപ്പാറ ട്രിപ്്, കായലിലൂടെ ഒരു ദിവസം മുഴുവൻ വ്യത്യസ്തമായ രുചിക്കൂട്ടുമായി കായൽയാത്ര നടത്തുന്ന സീ അഷ്ടമുടി, ആനക്കൂട്ടങ്ങൾ കണ്മുന്നിൽ കുളിക്കാൻ എത്തുന്ന ആനക്കുളം, മൂന്നാറിലെ മനോഹര കാഴ്ചകൾ കാണാൻ സാധിക്കുന്ന ലക്ഷ്മി എസ്റ്റേറ്റ്, യാത്രക്കാരുടെ പ്രിയ ഡെസ്റ്റിനേഷൻ ആയ ഗവി, കൂടാതെ സൈലന്റ്‌വാലി, മുതിരപ്പുഴ തുടങ്ങി വിവിധ വിനോദസഞ്ചാര മേഖലകളിലേക്കും ഈ അവധിക്കാലത്തും യാത്രകൾ ഉണ്ട്.
അവധിക്കാല വിനോദയാത്ര പാക്കേജുകൾ
∙ ഏപ്രിൽ ആറിനു ചതുരംഗപ്പാറയിലേക്കാണ് ആദ്യയാത്ര. കാൽവരി മൗണ്ട് അഞ്ചുരുളി രാമക്കൽമേട്, മറയൂർ, ഗവി, സീ അഷ്ടമുടി, സൈലന്റ് വാലി എന്നിവിടങ്ങളിലേക്ക് ഈ മാസം യാത്രകൾ പ്ലാൻ ചെയ്തിരിക്കുന്നത്. ബുക്കിങ്ങിനു ഫോൺ: 9447287735