കല്ലാച്ചി ടൗൺ വികസനം; അളവെടുപ്പ് തുടങ്ങി, എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം 16 ന്

Mail This Article
കല്ലാച്ചി∙ കല്ലാച്ചി ടൗണിൽ അഴുക്കുചാൽ നിർമിക്കുന്നതിനും റോഡ് വികസിപ്പിക്കുന്നതിനുമായി കടകളുടെ മുൻഭാഗം പൊളിക്കുന്നതിനുള്ള അളവെടുപ്പ് തുടങ്ങി. സർവകക്ഷി നേതൃത്വത്തിലാണ് അളവെടുപ്പ്. സർക്കാർ അനുവദിച്ച 3 കോടി രൂപ വിനിയോഗിച്ചാണ് വികസന പ്രവൃത്തികൾ നടത്തുന്നത്. കടയുടെ മുൻഭാഗം നഷ്ടപ്പെടുന്ന വ്യാപാരികൾ ഏറെയാണെങ്കിലും വികസനവുമായി യോജിക്കാൻ എല്ലാവരും സന്നദ്ധത അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, സിപിഎം ലോക്കൽ സെക്രട്ടറി കെ.പി.കുമാരൻ എന്നിവർ അറിയിച്ചു. വ്യാപാരി പ്രതിനിധികളും അളവെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് അവർ അസൗകര്യം അറിയിച്ചു പിന്മാറി.
പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷൻ സി.കെ.നാസർ, മെംബർമാരായ നിഷാ മനോജ്, വി.അബ്ദുൽ ജലീൽ, വിവിധ കക്ഷി നേതാക്കളായ കെ.എം.രഘുനാഥ്, കെ.പി.കുമാരൻ, കെ.ടി.കെ.ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ തുടങ്ങിയവരാണ് അളവെടുപ്പ് നടത്താൻ എത്തിയത്. വികസനവുമായി യോജിച്ചു പ്രവർത്തിക്കാൻ ഇവർ വ്യാപാരികളോട് ആവശ്യപ്പെട്ടു. 3 കോടിയുടെ ടൗൺ വികസനം തർക്കത്തിൽപ്പെട്ട് മുടങ്ങുമോ എന്ന ആശങ്ക മലയാള മനോരമ ഇന്നലെ ഫ്ലാഷ് ലൈറ്റ് പംക്തിയിൽ സൂചിപ്പിച്ചിരുന്നു.
ജീവനോപാധിയായ വ്യാപാരം പൂർണമായി നഷ്ടമാകുന്നവർക്ക് പുനരധിവാസത്തിനുള്ള പദ്ധതി കൂടി തയാറാക്കിയായിരിക്കും വികസനം നടപ്പാക്കുക. ഗതാഗതക്കുരുക്ക് പതിവായ ടൗണിൽ റോഡ് വികസനം അനിവാര്യമാണെന്നും സർവകക്ഷി സമിതി വികസനത്തിന് ഊന്നൽ നൽകുന്നത് അതു കൊണ്ടാണെന്നും നേതാക്കൾ അറിയിച്ചു.16 ന് ഇ.കെ.വിജയൻ എംഎൽഎയുടെ സാന്നിധ്യത്തിൽ വ്യാപാരി പ്രതിനിധികൾ കൂടി പങ്കെടുക്കുന്ന യോഗം ചേരും. ടൗൺ പ്ലാനിങ് ഓഫിസർ അടക്കമുള്ളവർ ടൗണിലെ ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ വൈകാതെ പരിശോധിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.