ADVERTISEMENT

തേഞ്ഞിപ്പലം ∙ കലാവേദികളുണർന്നപ്പോൾ കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിലെ ആദ്യ ദിനത്തിൽ പാലക്കാട് ഗവ. വിക്ടോറിയ കോളജിന്റെ കുതിപ്പ്. 59 പോയിന്റുമായാണു വിക്ടോറിയ ഒന്നാം സ്ഥാനത്തുള്ളത്. 46 പോയിന്റുമായി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് രണ്ടാം സ്ഥാനത്തും 33 പോയിന്റുമായി ആതിഥേയരായ കാലിക്കറ്റ് സർവകലാശാലാ ക്യാംപസ് മൂന്നാം സ്ഥാനത്തുമാണ്. കോഴിക്കോട് ഫറൂഖ് കോളജാണു നാലാം സ്ഥാനത്ത്–26.  അഞ്ചാം സ്ഥാനത്ത് 5 കോളജുകളുണ്ട്. തൃശൂർ കേരള വർമ കോളജ്, മലപ്പുറം ഗവ.കോളജ്, തിരൂരങ്ങാടി പിഎസ്എംഒ കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളജ് എന്നിവയാണ് 19 പോയിന്റ് വീതം നേടി കടുത്ത പോരാട്ടത്തിലുള്ളത്. പരമ്പരാഗത–ജനപ്രിയ കലകളായ തിരുവാതിര, ഒപ്പന, വട്ടപ്പാട്ട്, മിമിക്രി, മോണോ ആക്ട്, മൈം, മാപ്പിളപ്പാട്ട്, പൂരക്കളി, പരിചമുട്ടുകളി തുടങ്ങിയവ ഇന്നു വിവിധ വേദികളിൽ നടക്കും.

ഇന്ന് മലബാർ മേളം

മലപ്പുറം∙ കലോത്സവത്തിൽ ഇന്നു മലബാർ മേളം. മലബാറിലെ ജനപ്രിയ കലാരൂപങ്ങളായ ഒപ്പന, കോൽക്കളി, ദഫ്മുട്ട്, മാപ്പിളപ്പാട്ട് , വട്ടപ്പാട്ട്, അറബനമുട്ട് എന്നിവയിലെ മത്സരങ്ങളെല്ലാം ഇന്നാണു നടക്കുന്നത്. ഒപ്പത്തിനൊപ്പം മത്സരിക്കുന്ന കോളജ് ടീമുകൾ കൂടിയാകുമ്പോൾ ഈ മേളം ഒന്നുകൂടി മുറുകും. വൻ ജനപങ്കാളിത്തം തന്നെ സംഘാടകർ ഇന്നു വേദിയിൽ പ്രതീക്ഷിക്കുന്നുണ്ട്. മലയാള നാടകം, മിമിക്രി, മോണോ ആക്ട്, പരിചമുട്ടുകളി, തിരുവാതിരക്കളി, ക്ലാസിക്കൽ സംഗീതം, സ്കിറ്റ്, മൈം തുടങ്ങിയ മത്സരങ്ങളും നടക്കും.

ബാൻഡ് മേളത്തിൽ ജേതാക്കളായ പാലക്കാട് ഗവ. വിക്ടോറിയ കോളജ് താരനിരയുടെ ആഹ്ലാദം.

എതിരാളികളില്ലാതിരുന്നിട്ടും മിന്നുന്ന പ്രകടനവുമായി വിക്ടോറിയ

തേഞ്ഞിപ്പലം ∙ പരീക്ഷാത്തിരക്കിനിടെ പരിശീലനത്തിനു ലഭിച്ച 5 ദിവസം സമർഥമായി വിനിയോഗിച്ചു ബാൻഡ് മേളത്തിൽ ജേതാവായി പാലക്കാട് വിക്ടോറിയ കോളജ്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഫുട്ബോൾ കോർട്ടിലെ പച്ചപ്പിനു നടുവിൽ, എതിരാളികൾ ഇല്ലാതിരുന്നിട്ടും വിക്ടോറിയ താരനിര നടത്തിയതു മിന്നുന്ന പ്രകടനമെന്നു വിധികർത്താക്കളുടെ സാക്ഷ്യപത്രം.  മുൻപ് ഇന്റർസോണിൽ പലകുറി ബാൻ‍ഡ് മേളത്തിൽ കിരീടം ചൂടിയിട്ടുണ്ട് വിക്ടോറിയ.  ബാൻഡ് മേളം മത്സരത്തിന് 3 ടീമുകൾ റജിസ്റ്റർ ചെയ്തിരുന്നെങ്കിലും 2 ടീമുകളെത്തിയില്ല. 9 പെൺകുട്ടികളും 3 ആൺകുട്ടികളുമാണ് 20 മിനിറ്റ് നീണ്ട മത്സരത്തിൽ പങ്കെടുത്തത്. പാലക്കാട്ടുകാരനായ ബാൻഡ് മാസ്റ്റർ റിട്ട. എസ്ഐ എം. മൈക്കിളാണു പരിശീലകൻ.

ഓഫ് സ്റ്റേജ് മത്സരങ്ങളിൽ  യൂണിവേഴ്സിറ്റി ക്യാംപസ് ടീമിന് കിരീടം

തേഞ്ഞിപ്പലം ∙ ഇന്റർസോൺ ഓഫ് സ്റ്റേജ് മത്സരങ്ങളിൽ 33 പോയിന്റോടെ ആതിഥേയരായ യൂണിവേഴ്സിറ്റി ക്യാംപസ് ടീമിന് കിരീടം. സി സോൺ കലോത്സവ ജേതാക്കളായ ക്യാംപസിലെ താരനിര സ്വന്തം തട്ടകത്തിൽ നടന്ന ഇന്റർസോൺ ഓഫ് സ്റ്റേജ് കിരീടം ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്ക് ഒടുവിലാണ് സ്വന്തമാക്കിയത്.

ആടിപ്പാടി ആഘോഷത്തുടക്കം

തേഞ്ഞിപ്പലം ∙  പ്രധാനവേദിയിലെ ജനക്കൂട്ടത്തെ ഇളക്കിമറിച്ച് അനാർക്കലി മരക്കാറുടെ പാട്ട്. ആവേശം ആവോളമെത്തിച്ച് അപ്പാനി ശരത്തിന്റെ ഡയലോഗ്. മമ്മൂക്കയ്ക്കും ദുൽഖറിനും കൊടുക്കുന്ന സ്നേഹത്തിന്റൊരംശം തനിക്കും ചോദിച്ചതിനു മഖ്ബൂൽ സൽമാന് അളവറ്റ സ്നേഹം നൽകി കാണികൾ. ഒടുവിൽ താരങ്ങളും കാണികളും ഒത്തുചേർന്ന് ആടിപ്പാടി ഇന്റർസോൺ കലോത്സവത്തിന് ആഘോഷത്തുടക്കം. ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞതിനു പിന്നാലെ അലസമായി കാത്തിരുന്ന കാണികൾക്കിടയിലേക്കാണു തരംഗം സൃഷ്ടിച്ചു പ്രിയ താരങ്ങളെത്തിയത്.

സദസ്സിലൂടെ നടന്നുപോകുമ്പോൾ തന്നെ സെൽഫിക്കായി തിരക്ക്. അൽപം പണിപ്പെട്ടാണു താരങ്ങളെ സംഘാടകർ വേദിയിലെത്തിച്ചത്.  റിലീസ് ചെയ്യാനിരിക്കുന്ന കിർക്കൻ എന്ന സിനിമയുടെ ഭാഗമായ താരങ്ങളാണു വേദിയിലെത്തിയത്. സംവിധായകൻ ജോഷാണു തുടക്കമിട്ടത്.  ആദ്യമായാണ് കലോത്സവ വേദിയിലെന്ന മുഖവുരയോടെയായിരുന്നു മഖ്ബൂലിന്റെ തുടക്കം. കേരള സർവകലാശാലയിൽ കലോത്സവകാലം ശരിക്കും ഉത്സവമാക്കിയതിന്റെ അനുഭവങ്ങൾ പങ്കുവച്ച അനാർക്കലിയോടു പാട്ടു പാടിയിട്ടു നിർത്തിയാൽ മതിയെന്നു കാണികൾ. സുലൈഖ മൻസിലിലെ ‘പടയാളികൾ...’ എന്ന പാട്ടു തന്നെ വേണമെന്നു തന്നെ ആവശ്യം.

കാലടി സംസ്കൃത സർവകലാശാലയിലെ പഠനകാലത്തെ അനുഭവങ്ങൾ ഓർത്തെടുത്താണ് അപ്പാനി ശരത്ത് തുടങ്ങിയത്. നാടകത്തിലൂടെ വളർന്നുവന്നതിനാൽ കാണികൾ എന്നും ആവേശമാണെന്നു പറഞ്ഞപ്പോഴാണ് അങ്കമാലി ഡയറീസിലെ ‘എടാ കൊച്ചു ചെറുക്കാ’ എന്ന ഡയലോഗ്  പറയാൻ ആവശ്യമുയർന്നത്.  ഇവർക്കു പുറമേ നടി ജാനകി മേനോൻ, ആർ.ജെ.അജീഷ് സാരംഗി എന്നിവരും കാണികളെ കയ്യിലെടുത്തു. തുടർന്നാണ് ‘കിർക്കൻ’ സിനിമയിലെ പാട്ട് ഒന്നിച്ചുപാടി കാണികളെയും കൂടെക്കൂട്ടി ആവേശപ്പെരുമഴ പെയ്യിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com