ADVERTISEMENT

ബാലുശ്ശേരി∙ മുഖ്യ തപാൽ ഓഫിസിനു വർഷങ്ങൾക്ക് മുൻപേ സ്വന്തമായി സ്ഥലം ഉണ്ട്. പക്ഷേ, കെട്ടിടം നിർമിക്കാത്തതിനാൽ പ്രവർത്തനം വാടകക്കെട്ടിടങ്ങളിൽ. ഇപ്പോഴത്തെ പ്രവർത്തിക്കുന്ന സ്വകാര്യ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും എത്താൻ പ്രയാസമാണ്.  1978ൽ തുടങ്ങിയ പോസ്റ്റ് ഓഫിസ് 2003ൽ മുഖ്യ തപാൽ ഓഫിസായി ഉയർത്തി. പോസ്റ്റ് ഓഫിസ് സ്റ്റോപ്പ് എന്ന് അറിയപ്പെടുന്ന സ്ഥലത്ത് ഇപ്പോൾ പോസ്റ്റ് ഓഫിസ് ഇല്ല. പുതിയ പോസ്റ്റ് ഓഫിസ് എവിടെയാണെന്ന് അറിയാതെ ഒട്ടേറെ പേരാണ് വലയുന്നത്.

പതിറ്റാണ്ടുകളോളം സ്വകാര്യ കെട്ടിടത്തിലാണ് പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. അങ്ങനെയാണ് ബാലുശ്ശേരി മുക്കിനും ബസ് സ്റ്റാൻഡിനും ഇടയിൽ പോസ്റ്റ് ഓഫിസ് സ്റ്റോപ്പ് ഉണ്ടായത്. ഇതിനു സമീപം സംസ്ഥാന പാതയുടെ അരികിൽ ചിറയ്ക്കൽ കാവ് ക്ഷേത്രത്തിനു മുന്നിലാണു പോസ്റ്റ് ഓഫിസിനു സ്വന്തമായുള്ള സ്ഥലം. 1992ൽ 3 ലക്ഷം രൂപയ്ക്കാണ് 20 സെന്റ് സ്ഥലം പോസ്റ്റൽ വകുപ്പ് വാങ്ങിയത്. സ്വന്തം കെട്ടിടത്തിനു വേണ്ടി ഒട്ടേറെ നിർദേശങ്ങൾ കേന്ദ്രത്തിലേക്കു പോയെങ്കിലും ഇതുവരെ ഫണ്ട് ലഭിച്ചില്ല.

ഇപ്പോൾ ഈ സ്ഥലം കാടുമൂടിയ നിലയിലാണ്. ബാങ്കിങ് ഉൾപ്പെടെ ഒട്ടേറെ വൈവിധ്യവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്ന ബാലുശ്ശേരി മുഖ്യ തപാൽ ഓഫിസിനു സ്വന്തം കെട്ടിടം യാഥാർഥ്യമായാൽ ഏറെ പ്രയോജനപ്പെടും. വർഷങ്ങളായി പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചിരുന്ന വാടകക്കെട്ടിടം പിന്നീട് അപകടാവസ്ഥയിൽ ആയിരുന്നു. എന്നിട്ടും വർഷങ്ങളോളം ഇവിടെ തന്നെയാണ് ഉദ്യോഗസ്ഥർ ജീവൻ പണയം വച്ച് പ്രവർത്തിച്ചത്. ഓടിട്ട മേ‍ൽക്കൂര തകർന്ന് നിലംപൊത്താറായപ്പോൾ ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടിയെങ്കിലും ചോർച്ച ശക്തമായി.

ഉരുപ്പടികൾ സൂക്ഷിക്കാൻ പോലും പറ്റാത്ത സ്ഥിതിയായിരുന്നു. ഓഫിസിനുള്ളിൽ കുട ചൂടി ജീവനക്കാർക്ക് ജോലി ചെയ്യേണ്ടി വന്നത് വലിയ ചർച്ചയായി. അങ്ങനെയാണ് 2020ൽ ബസ് സ്റ്റാൻഡിനു സമീപം ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. 14,000 രൂപയാണ്  പ്രതിമാസ വാടക. പലതവണ ടെൻഡർ വിളിച്ചെങ്കിലും ഈയൊരു കെട്ടിടം മാത്രമാണ് ലഭിച്ചതെന്ന് അധികൃതർ പറയുന്നു. പോസ്റ്റ് ഓഫിസ് തിരഞ്ഞു കണ്ടുപിടിക്കാൻ വലിയ പ്രയാസം നേരിടുന്നതായി പരാതിയുണ്ട്. പുറത്ത് ബോർഡ് സ്ഥാപിച്ചെങ്കിലും അത് മറഞ്ഞ നിലയിലാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com