ദീപാലംകൃതമായി ഫറോക്ക് പഴയപാലം

Mail This Article
ഫറോക്ക് ∙ ദീപപ്രഭയിൽ സഞ്ചാരികൾക്ക് അത്ഭുത കാഴ്ചയൊരുക്കിയ ഫറോക്ക് പഴയപാലം നാടിനു സമർപ്പിച്ചു. വിദേശ മാതൃകയിൽ എൽഇഡി വെളിച്ച വിന്യാസം ഒരുക്കിയതോടെ ബ്രിട്ടിഷ് നിർമിത ആർച്ച് പാലം വീണ്ടുമൊരു ചരിത്രം കുറിച്ചു. വിവിധ വർണങ്ങളിൽ പാലം പ്രകാശപൂരിതമായത് രാത്രി യാത്രക്കാർക്ക് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി. ഉദ്ഘാടന ദിവസം നാടിന്റെ വിവിധ ദിക്കുകളിൽ നിന്നായി ആയിരങ്ങളാണ് ദീപാലങ്കാരം കാണാനും സെൽഫി എടുക്കാനുമായി പാലത്തിൽ എത്തിയത്.
സംസ്ഥാനത്തെ പ്രധാന പാലങ്ങൾ അലങ്കരിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുക എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് പഴയപാലം ദീപാലംകൃതമാക്കിയത്. ഇതോടൊപ്പം നവീകരിച്ച പാലത്തിനു സമീപത്തെ കോർപറേഷൻ പാർക്കും തുറന്നു. രാത്രി 7ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്വിച്ച് ഓൺ കർമം നിർവഹിച്ചതോടെ പാലത്തിൽ വിവിധ വർണത്തിലുള്ള എൽഇഡി വിളക്കുകൾ തെളിഞ്ഞു. ഇതോടെ ജനക്കൂട്ടം ഹർഷാരവം മുഴക്കി. ഉദ്ഘാടന ശേഷം മന്ത്രിയും വിശിഷ്ട അതിഥികളും പാലത്തിലൂടെ നടന്നു.
മേയർ ബീന ഫിലിപ്, നഗരസഭാധ്യക്ഷൻ എൻ.സി.അബ്ദുൽ റസാഖ്, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കലക്ടർ സ്നേഹിൽ കുമാർ സിങ്, റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ എംഡി എസ്.സുഹാസ്, കെടിഐഎൽ ചെയർമാൻ എസ്.കെ.സജീഷ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.സി.രാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശൈലജ, ബേപ്പൂർ ഡവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.കെ.സി.മമ്മദ്കോയ, നമ്മൾ ബേപ്പൂർ ഡയറക്ടർ ടി.രാധാഗോപി, ബേപ്പൂർ ഡവലപ്മെന്റ് മിഷൻ ചെയർമാൻ എം.ഗിരീഷ്, ഡിടിപിസി സെക്രട്ടറി ടി.നിഖിൽ ദാസ് തുടങ്ങിയവർ പങ്കെടുത്തു
ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് വൈകാതെപരിഹാരമാകും : മന്ത്രി മുഹമ്മദ് റിയാസ്
ഫറോക്ക് പേട്ട ജംക്‌ഷൻ വികസനവും ചെറുവണ്ണൂർ, മീഞ്ചന്ത മേൽപാലങ്ങളും യാഥാർഥ്യമാകുന്നതോടെ ദേശീയപാതയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പഴയ പാലത്തിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ ട്രാഫിക് സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തും. ഭാവിയിൽ നിർമിത ബുദ്ധി വഴി സിഗ്‌നൽ സംവിധാനം നിയന്ത്രിക്കാനുള്ള സാങ്കേതിക വിദ്യ ഏർപ്പെടുത്തുമെന്നും ദീപാലംകൃതമാക്കിയ പഴയപാലം ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് ആഹ്ലാദിക്കാനും സന്തോഷിക്കാനുമുള്ള ഇടമാണ് ദീപാലംകൃത പഴയ പാലം. പ്രധാന പാലങ്ങളിൽ ദീപാലങ്കാരം ഏർപ്പെടുത്തുന്നത് കേരളത്തിലെ എല്ലാ ജനങ്ങളും ഉറ്റുനോക്കുന്ന പദ്ധതിയാണ്.കക്ഷിഭേദമന്യേ എല്ലാവരും ഒന്നിക്കുന്നത് കൊണ്ടാണു പാലത്തിനു സമീപത്തെ കോർപറേഷൻ പാർക്കിന് ‘വീ’ നമ്മൾ എന്ന പേര് നൽകിയത്. പാർക്കിലെ സ്റ്റേജ് പ്രദേശത്തെ കലാകാരൻമാർക്ക് സ്വതന്ത്രമായി പരിപാടികൾ അവതരിപ്പിക്കാൻ നൽകും. പഴയ പാലവും പാർക്കും പോസിറ്റീവ് എനർജി ലഭിക്കുന്ന ഇടമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.