കടലിൽ കുടുങ്ങിയ ബോട്ട് വീണ്ടെടുത്ത് തീരദേശ പൊലീസ്
Mail This Article
വടകര ∙ മുഴപ്പിലങ്ങാട് കടലിൽ മണിക്കൂറുകളോളം കുടുങ്ങിനിന്ന താനൂർ സ്വദേശികളുടെ ബോട്ട് വീണ്ടെടുത്തത് വടകര തീരദേശ പൊലീസ്. കഴിഞ്ഞ ദിവസം നീലേശ്വരത്തു നിന്ന് താനൂരിലേക്ക് പോകുകയായിരുന്ന വള്ളം പ്രക്ഷുബ്ധമായ തിരയിൽപ്പെട്ട് മണിക്കൂറുകളോളം മുന്നോട്ടു പോകാനാവാതെ നിന്നു. വിവരമറിഞ്ഞ് തലശ്ശേരി തീരദേശ പൊലീസ് എത്തി ബോട്ടിലുണ്ടായിരുന്ന 2 പേരെ രക്ഷപ്പെടുത്തിയിരുന്നു.
നീലേശ്വത്തു നിന്നു വാങ്ങിയ ‘ഇമ്പിച്ചി ബാവ’ എന്ന ബോട്ട് താനൂരിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു അപകടം.ഫൈബർ ബോട്ട് വളരെ അകലേക്ക് ഒഴുകി പോയി. തീരദേശ പൊലീസ് ഇൻസ്പെക്ടർ സി.എസ്.ദിപു, എസ്ഐ എൻ.അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജിത്ത് അരുൺ, ഇസ്മായിൽ, കെ.ആകാശ്, കോസ്റ്റൽ വാർഡൻമാരായ സബിത്ത് ലാൽ, കെ.വിഷ്ണു എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിൽ മുട്ടുങ്ങലിൽ വള്ളം കണ്ടെത്തി കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.