ഒരു ദേശത്തിൻ വരവേൽപുമായി പുതിയറ എസ്കെ സാംസ്കാരിക നിലയം
Mail This Article
കോഴിക്കോട്∙ മലയാള സഞ്ചാര സാഹിത്യത്തിന്റെ കുലപതി എസ്.കെ.പൊറ്റെക്കാട്ടിന്റെ തട്ടകത്തിൽ മനോരമ ഹോർത്തൂസിന്റെ അക്ഷര പ്രയാണത്തിന് ഊഷ്മളമായ വരവേൽപ്. പുതിയറ എസ്കെ സാംസ്കാരിക നിലയത്തിൽ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ടി.വി.രാമചന്ദ്രന്റെ നേതൃത്വത്തിൽ സാംസ്കാരിക കേന്ദ്രം ഭാരവാഹികളും പ്രവർത്തകരും ചേർന്ന് സ്നേഹോഷ്മള വരവേൽപാണ് അക്ഷര പ്രയാണത്തിനു നൽകിയത്.
ഹോർത്തൂസ് നഗരിയിൽ സ്ഥാപിക്കാനുള്ള ‘ൻ’ അക്ഷരം സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ടി.വി.രാമചന്ദ്രനിൽ നിന്നു മലയാള മനോരമ കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോ ജയൻ മേനോൻ ഏറ്റുവാങ്ങി. എസ്.കെ.സാംസ്കാരിക കേന്ദ്രത്തിന്റെ ഹോർത്തൂസിനുള്ള സ്നേഹോപഹാരമായ പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ എന്ന പുസ്തകത്തിന്റെ മാതൃകയും ജയൻ മേനോനു സാംസ്കാരിക കേന്ദ്രം ഭാരവാഹികൾ സമ്മാനിച്ചു.
ടി.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എം.വി.പണിക്കർ അധ്യക്ഷത വഹിച്ചു. പൂനൂർ കെ.കരുണാകരൻ, വിൽസൺ സാമുവൽ, ഇ.ജയരാജൻ, ജയൻ മേനോൻ എന്നിവർ പ്രസംഗിച്ചു. എസ്.കെ.പൊറ്റെക്കാട്ട് രചിച്ച ‘എന്റെ ജീവിതം’ എന്ന കവിത സി.ദേവാനന്ദ ആലപിച്ചു. തുടർന്ന് എസ്.കെ.സാംസ്കാരിക നിലയത്തിലെ നൃത്തവിദ്യാലയത്തിലെ വിദ്യാർഥിനികളായ കെ.സിത്താര, പി.എം.ദീപാറാണി, മിനി സുനിൽകുമാർ, നിസ്സി ബൈജു എന്നിവർ ഭരതനാട്യം അവതരിപ്പിച്ചു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/