ഹിന്ദുത്വ രാഷ്ട്രീയം: വാക്പോരിൽ തരൂരും റാം മാധവും
Mail This Article
കോഴിക്കോട് ∙ ഇന്ത്യ എല്ലാവരുടേതുമല്ല, ഹിന്ദുക്കളുടേതു മാത്രമെന്നു രാജ്യം ഭരിക്കുന്നവർതന്നെ പറയുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് ശശി തരൂർ എംപി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നരേന്ദ്രമോദിയുടെ പ്രസംഗങ്ങളധികവും ഭരണഘടനാവിരുദ്ധമായിരുന്നു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇങ്ങനെ പ്രസംഗിക്കുന്നതെന്നും എ.ബി.വാജ്പേയി ഈ ഭാഷയിലല്ല സംസാരിച്ചിട്ടുള്ളതെന്നും മലയാള മനോരമ ഹോർത്തൂസ് വേദിയിൽ ശശി തരൂർ ഓർമിപ്പിച്ചു.ഗോഡ്സേ മുൻ ആർഎസ്എസുകാരനായിരുന്നുവെന്നും ഗാന്ധിജി ഹിന്ദുക്കൾക്ക് എതിരാണെന്ന ആർഎസ്എസ് പാഠം 8 വയസ്സു മുതൽ കേട്ടാണു മോദി വളർന്നതെന്നും തരൂർ ആരോപിച്ചു
.ഹിന്ദുത്വം എന്നതു സാംസ്കാരിക സ്വത്വമാണെന്നും അതിനെ രാഷ്ട്രീയ സ്വത്വമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആർഎസ്എസ് നേതാവ് റാം മാധവ് ഹോർത്തൂസിലെ തൊട്ടടുത്ത സെഷനിൽ പ്രതികരിച്ചു. വിവിധ സംസ്കാരങ്ങളല്ല, വിവിധ മതങ്ങൾ ചേർന്നതാണു ഭാരതം. കാര്യങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു എന്നതിനെ ആശ്രയിച്ചാണു വ്യാഖ്യാനങ്ങളുണ്ടാകുന്നത്. വൈവിധ്യത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നവർ ഐക്യത്തെക്കുറിച്ചു മിണ്ടുന്നില്ല. ഗോഡ്സേ ആർഎസ്എസുകാരനായിരുന്നില്ലെന്നും റാം മാധവ് പറഞ്ഞു.
ഉദയനിധി സ്റ്റാലിൻ ഇന്ന് ഹോർത്തൂസിൽ
കോഴിക്കോട് ∙ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇന്നു ഹോർത്തൂസിൽ. ദ്രാവിഡ രാഷ്ട്രീയത്തിൽ തമിഴ് ഭാഷയും സാഹിത്യവും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വേദി രണ്ടിൽ രാവിലെ 10ന് സംസാരിക്കും.