മധുര സംഗീതത്തിന്റെ ഒറ്റത്തുരുത്തായി കോഴിക്കോട്
Mail This Article
കോഴിക്കോട് ∙കടൽക്കാറ്റു പോലും മെലഡി പാടിയ രാവ്. കാതുകൂർപ്പിച്ചിരിക്കുന്ന ആയിരങ്ങൾ. ‘കഥകൾ പറയും പാട്ടുകളുമായി’ ഗായകർ ഹോർത്തൂസ് വേദിയിൽ അണിനിരന്നപ്പോൾ സംഗീതത്തിന്റെ വലിയൊരു ഒറ്റത്തുരുത്തായി കോഴിക്കോടിന്റെ തീരം മാറി. പല കാലങ്ങളിൽ പലർ ഒരുക്കിയ മനോഹര മലയാള ഗാനങ്ങളും അതിനു പിന്നിലെ കഥകളും സദസ്സിനു ലഭിച്ച ദിവസമായിരുന്നു ഇന്നലെ. ഓരോ ഗാനം ആലപിക്കപ്പെടുമ്പോഴും ആ സിനിമയ്ക്കും വരികൾക്കും ഉടമകളായ സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ വേദിയിലെ ഡിജിറ്റൽ സ്ക്രീനിൽ തെളിഞ്ഞു.
പ്രശസ്ത ഗായകരായ വിധു പ്രതാപ്, സുദീപ് കുമാർ, ശ്രീരാഗ് ഭരതൻ, ജ്യോത്സ്ന രാധാകൃഷ്ണൻ, രാജലക്ഷ്മി, നിത്യ മാമൻ എന്നിവരായിരുന്നു ഇന്നലത്തെ സംഗീതസന്ധ്യയെ അവിസ്മരണീയമാക്കാനെത്തിയത്. ഒപ്പം പാട്ടിനു പിന്നിലെ കഥകൾ പങ്കുവച്ച് രമേഷ് പിഷാരടിയും ‘കഥകൾ പറയും പാട്ടുകൾ’ വേദിയിലെത്തി. സംഗീതപരിപാടിയുടെ ചെറിയ ഇടവേളകളിൽ നടൻ മമ്മൂട്ടിയുൾപ്പെടെയുള്ള പ്രശസ്തവ്യക്തികളും ഡിജിറ്റൽ സ്ക്രീനിൽ തങ്ങളുടെ അനുഭവകഥകൾ പങ്കുവയ്ക്കാനെത്തി.
പല ജില്ലകളിൽ നിന്നെത്തിയ ആയിരക്കണക്കിനു പേരാണ് ഈ സംഗീതവിരുന്നിൽ പങ്കെടുത്തത്. ഈണങ്ങൾ വരുമ്പോൾതന്നെ വരികൾ ആലപിച്ചും താളത്തിനൊപ്പം കയ്യടിച്ചും അവർ പാടാനെത്തിയവരിൽ ഊർജം നിറച്ചു. പരിപാടി അവസാനിച്ച്, രാത്രി വൈകി പുറത്തിറങ്ങുമ്പോൾ മറന്നെന്നു കരുതിയ ഇഷ്ടഗാനം ഓരോരുത്തരുടെയും ചുണ്ടുകളിലേക്കു തിരിച്ചെത്തിയിരുന്നു. എത്രകാലം കഴിഞ്ഞാലും എല്ലാവരുടെ മനസ്സിലും നിലാവു പൊഴിച്ച് ഈ സംഗീതരാവുണ്ടാവുമെന്നുറപ്പ്.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/