വിരമിച്ച പട്ടാളക്കാരെ ആദരിക്കാൻ മേജർ സീത ഷെൽക്കെയും സംഘവും വീണ്ടുമെത്തി
Mail This Article
കോഴിക്കോട്∙ മേജർ സീത ഷെൽക്കെയും സംഘവും വീണ്ടുമെത്തി. ഇത്തവണ ദുരന്തഭൂമിയിൽ ബെയ്‌ലി പാലം നിർമിക്കാനല്ല. ഒരു കാലത്ത് സേനയ്ക്കുവേണ്ടി വിയർപ്പൊഴുക്കിയ മുൻ പട്ടാളക്കാരെ നേരിട്ടു കാണാനാണ് സീത ഷെൽക്കെയും സംഘവും ബൈക്ക് ഓടിച്ച് എത്തിയത്. മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിന്റെ വാർഷികാഘോഷത്തിന്റെയും കാർഗിൽ വിജയദിവസ വാർഷികത്തിന്റെയും ഭാഗമായി വിരമിച്ച പട്ടാളക്കാരെ സന്ദർശിക്കാൻ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ് സെന്റർ തിരുവനന്തപുരത്ത് നിന്നു ബെംഗളൂരുവിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഈ സംഘത്തിൽ മേജർ സീത ഷെൽക്കെയും 12 സൈനികരുമുണ്ട്. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട ചൂരൽ മലയിലേക്ക് കരസേനയുടെ നേതൃത്വത്തിൽ ബെയ്‌ലി പാലം നിർമാണത്തിന് നേതൃത്വം നൽകിയതു മേജർ സീത ഷെൽക്കെയാണ്.
മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സൈനിക് സ്കൂളും എംഇജി വെറ്ററൻസ് കോഴിക്കോടും ബൈക്ക് യാത്രികർക്ക് സ്വീകരണം നൽകി. ദാമൻ ആൻഡ് ദിയു എയർപോർട്ട് ഡയറക്ടർ പി.വി.ജ്യോതി റാലി ഫ്ലാഗ് ഓഫ് ചെയ്തു. കാർഗിൽ വാർ വൂണ്ടഡ് മെഡലിസ്റ്റ് കെ.അനിൽകുമാറിനെ ആദരിച്ചു. വേദവ്യാസ വിദ്യാലയം സൈനിക് സ്കൂൾ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കേണൽ കെ. രവീന്ദ്രൻ മേജർ സീത ഷെൽക്കെയെ ആദരിച്ചു. എം.ജ്യോതീശൻ, റാലി കോഓർഡിനേറ്റർ സുബേദാർ എച്ച്.ഡി. പിള്ള എന്നിവർ സന്നിഹിതരായി. സൈനിക് സ്കൂൾ കെഡറ്റ്, എൻസിസി 9 കെ നേവൽ ബറ്റാലിയൻ, 22 കേരള എൻസിസി ബറ്റാലിയൻ എന്നിവർ പങ്കെടുത്തു.