മലാപ്പറമ്പ് ഓവർപാസ് 13ന് തുറക്കും; ഗതാഗത നിയന്ത്രണം 2 മാസം തുടരും

Mail This Article
കോഴിക്കോട്∙ രാമനാട്ടുകര –വെങ്ങളം ബൈപാസിൽ മലാപ്പറമ്പ് ജംക്‌ഷനിൽ നിർമാണം പൂർത്തിയായ വെഹിക്കിൾ ഓവർപാസ് വഴി 13ന് ഗതാഗതം ആരംഭിക്കും. കോഴിക്കോട് –വയനാട് റോഡും 4 സർവീസ് റോഡും ഫ്ലോറിക്കൻ റോഡും ചേരുന്ന ഈ ജംക്‌ഷനിൽ ഓവർപാസ് പൂർത്തിയായെങ്കിലും 2 മാസം ഗതാഗത നിയന്ത്രണം തുടരും.ജംക്‌ഷനിൽ ഓവർപാസിനടിയിൽ 15 മീറ്റർ താഴ്ത്തിയാണു ദേശീയപാത നിർമാണം നടക്കുന്നത്. ഏപ്രിൽ അവസാനത്തോടെ മാത്രമേ ഓവർപാസിനടിയിൽ റോഡ് നിർമാണം പൂർത്തിയാകു. ഇതിനായി ദേശീയപാതയുടെ കിഴക്കു വശം സർവീസ് റോഡ് ഇന്ന് (13) അടയ്ക്കും.
ഈ ഭാഗം മണ്ണെടുത്തു താഴ്ത്തി വേണം പുതിയ റോഡ് നിർമിക്കാൻ. പാലം തുറന്നക്കുന്നതോടെ ജംക്‌ഷനിലും അനുബന്ധമായി വയനാട് റോഡിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. വയനാട് ഭാഗത്തു നിന്നു വരുന്ന ബസ് ഒഴികെ മറ്റു വലിയ വാഹനങ്ങൾ പൂളക്കടവ് ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു ഇരിങ്ങാടൻപള്ളി, ചേവരമ്പലം വഴി നേതാജി ജംക്‌ഷനിൽ എത്തി തൊണ്ടയാട് ദേശീയപാതയിൽ കയറി നഗരത്തിലേക്കും രാമനാട്ടുകര ഭാഗത്തേക്കും പോകണം.
വയനാട്, കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ മലാപ്പറമ്പ് ജംക്‌ഷനു സമീപം വലത്തോട്ടു തിരിഞ്ഞു ഫ്ലോറിക്കൻ റോഡ് വഴി വേദവ്യാസ സ്കൂളിനു സമീപം ദേശീയപാതയിൽ പ്രവേശിച്ചു കണ്ണൂർ ഭാഗത്തേക്കു പോകണം.വയനാട് ഭാഗത്തു നിന്നുള്ള മറ്റു ചെറിയ വാഹനങ്ങൾ പാലം കയറി നഗരത്തിലേക്കു യാത്ര ചെയ്യാം. കണ്ണൂർ ഭാഗത്തു നിന്നു രാമനാട്ടുകരയിലേക്കു പോകേണ്ട വാഹനങ്ങൾ മലാപ്പറമ്പ് ജംക്‌ഷനിൽ എത്തി പാലത്തിലൂടെ ഇടത്തോട്ട് തിരിഞ്ഞു ഫ്ലോറിക്കൻ റോഡ് ജംക്‌ഷനിൽനിന്ന് യു ടേൺ എടുത്ത് തിരിച്ചു പാലം വഴി ഇടത്തോട്ടു തിരിഞ്ഞു രാമനാട്ടുകര ഭാഗത്തേക്കു പോകണം.
ദേശീയപാതയുടെ കിഴക്കു വശം സർവീസ് റോഡ് അടയ്ക്കുന്നതോടെ കണ്ണൂർ ഭാഗത്തു നിന്നു രാമനാട്ടുകരയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡു വഴി പോകണം. ഈ ഭാഗം ഇന്നലെ വീതി കൂട്ടി നിർമിച്ചിട്ടുണ്ട്. ഈ റോഡിൽ ഇരു ചക്രവാഹനം ഉൾപ്പെടെ മറ്റു വാഹനങ്ങളെ മറികടക്കരുതെന്നു പൊലീസ് പറഞ്ഞു.