വേനൽമഴ, കാറ്റ്: വീടുകളും വാഹനങ്ങളും തകർന്നു; നാരങ്ങാത്തോട് മേഖലയിൽ കനത്ത നാശനഷ്ടം

Mail This Article
കോടഞ്ചേരി∙ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് വേനൽ മഴയോടൊപ്പം ആഞ്ഞ് വീശിയ ശക്തമായ കാറ്റിൽ നാരങ്ങാത്തോട്, മുണ്ടൂർ, കൂരോട്ടുപാറ, ഇരുപൂളുംകവല, പാത്തിപ്പാറ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശം ഉണ്ടായി. നാരങ്ങാത്തോട് അങ്ങാടിയിൽ കാറ്റിൽ മരം വീണ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ, സ്കൂട്ടർ എന്നിവ തകർന്നു. കണ്ടപ്പൻചാൽ സിയാദിന്റെ ഓട്ടോറിക്ഷയും കൂരോട്ടുപാറ മുള്ളൻകുഴി കുഞ്ഞുമോന്റെ സ്കൂട്ടറുമാണ് മരം വീണ് തകർന്നത്. ശക്തമായ കാറ്റിൽ തെങ്ങ്, ജാതി, റബർ, കൊക്കോ, വാഴ, കമുക് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിച്ചു.

മനയിൽ നൈനാന്റെ വീടിന്റെ മുകളിലേക്ക് തെങ്ങ് ഒടിഞ്ഞ് വീണ് വീടിന്റെ അടുക്കള ഭാഗം തകർന്നു. നാരങ്ങാത്തോട് അങ്ങാടിയിലെ കുഴിമറ്റത്തിൽ ഏലിയാസിന്റെ കെട്ടിടം തെങ്ങ് ഒടിഞ്ഞ് വീണ് ഭാഗികമായി തകർന്നു. പാണ്ട്യാലക്കൽ മോൻസിയുടെ പലചരക്ക് കടയ്ക്ക് നാശനഷ്ടം ഉണ്ടായി. നാരങ്ങാത്തോട് ചേറ്റേടത്ത് രാജുവിന്റെ കോഴിഫാം കാറ്റിൽ തെങ്ങ് ഒടിഞ്ഞ് വീണ് തകർന്നു. 200 കോഴികൾ ചത്തു. കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനുകൾ തകർന്ന് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

കാറ്റിൽ മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതി ലൈനുകൾ തകർന്നതിനാൽ മലയോര മേഖലയിൽ രാത്രി ഏറെ വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.മണക്കാലുംപുറത്ത് കുഞ്ഞുമോന്റെ 15 തെങ്ങ്, 10 ജാതി, കൊക്കോ, വാഴ, കമുക് തുടങ്ങിയവ കാറ്റിൽ നശിച്ചു. നത്തംപാറ മോനിച്ചന്റെ തെങ്ങ്, ജാതി, മനയിൽ വർഗീസ്, മനയിൽ തോമസ്, മനയിൽ വർഗീസ്, മനയിൽ സണ്ണി, മനയിൽ നൈനാൻ തുടങ്ങിയവരുടെ തെങ്ങ്, റബർ, ജാതി, കൊക്കോ, വാഴ, കമുക് തുടങ്ങിയ കൃഷികൾ കാറ്റിൽ നശിച്ചു.
മരങ്ങൾ വെട്ടിമാറ്റി; ഗതാഗതം പുനഃസ്ഥാപിച്ചു
നാരങ്ങാത്തോട് കെട്ടിടങ്ങളുടെ മുകളിൽ വീണ മരങ്ങൾ മുക്കം അഗ്നിരക്ഷാ സേന എത്തി വെട്ടിമാറ്റി. റോഡിലും വൈദ്യുതി ലൈനിലും വീണ് കിടന്ന വൻ മരങ്ങളും അഗ്നിരക്ഷാ സേന വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.