വിലങ്ങാട് പുനരധിവാസം: മുഖ്യമന്ത്രിയുടെ അതൃപ്തി കടലാസിലൊതുങ്ങും; ഡിയർ ചീഫ് മിനിസ്റ്റർ, വല്ലതും നടക്കുമോ?

Mail This Article
വിലങ്ങാട്∙ഉരുൾപൊട്ടൽ ബാധിത മേഖലയിലെ പുനരധിവാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി കലക്ടറെ അതൃപ്തി അറിയിക്കുകയും മഴ തുടങ്ങും മുൻപ് പുനരധിവാസം പൂർത്തീകരിക്കണമെന്ന് നിർദേശിക്കുകയും ചെയ്തെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ പണി നടത്തിയാൽ പോലും പല പണിയും തീരാനിടയില്ല. വിലങ്ങാട്ടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വടകര ആർഡിഒയെ നോഡൽ ഓഫിസറായി നിയമിച്ചതാണെങ്കിലും അവർ പ്രസവ അവധിയിലായതിനാൽ പകരം മുൻപുണ്ടായിരുന്ന ആർഡിഒ അൻവർ സാദത്തിനെ വീണ്ടും നിയമിക്കാൻ ധാരണയായതാണ്. എന്നാൽ ഉത്തരവ് ഇറങ്ങിയിട്ടില്ല. ഉരുൾ പൊട്ടലുണ്ടായ ജുലൈയിൽ അൻവർ സാദത്തായിരുന്നു ആർഡിഒ. പിന്നീടാണ് അദ്ദേഹത്തെ മാറ്റിയത്.
മുഖ്യമന്ത്രിയുടെ കത്തിൽ എടുത്തു പറയുന്ന മഞ്ഞച്ചീളി പാലം, മുച്ചങ്കയം പാലം, വിലങ്ങാട് ടൗൺ പാലം, ഉരുട്ടി പാലം, വായാട് പാലം എന്നിവയുടെ പ്രവൃത്തി ടെൻഡർ നൽകുന്നത് അടക്കമുള്ള നടപടികളിലേക്കു കടന്നിട്ടു പോലുമില്ല.ടൗൺ പാലത്തിന് ഒരു ഭാഗത്ത് സ്ഥലമേറ്റെടുക്കൽ അടക്കം പൂർത്തീകരിക്കേണ്ടതുണ്ട്. ഉരുട്ടി പാലത്തിന്റെ ഭിത്തി ഉരുൾപൊട്ടലിനെ തുടർന്ന് തകർന്നത് ഇപ്പോഴും അതേ പടി കിടക്കുകയാണ്. വായാട് പാലത്തിന്റെ കാര്യത്തിലും മുച്ചങ്കയം പാലത്തിന്റെ കാര്യത്തിലുമുള്ള അനിശ്ചിതത്വവും തുടരുന്നു. മുച്ചങ്കയം പാലത്തിന് പി.സന്തോഷ് കുമാർ എംപി 50 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്ന് അനുവദിക്കാമെന്ന് അറിയിച്ചെങ്കിലും ഇവിടെ 2 കോടി രൂപയുടെ പാലത്തിന്റെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. പുഴയിലെ കല്ലും മണ്ണും നീക്കുന്നതിന് 2.46 കോടി രൂപ അനുവദിച്ച് അതിന്റെ പണി തുടങ്ങിയെങ്കിലും (മുഖ്യമന്ത്രിയുടെ കത്തിൽ ഇക്കാര്യവും പറഞ്ഞിരുന്നു) മണ്ണും കല്ലും പുഴയോരത്തു തന്നെ തള്ളുന്നതു സംബന്ധിച്ച പരാതി നില നിൽക്കുകയാണ്.
വീട് പോയവർക്ക് നഷ്ടപരിഹാരം പ്രഖ്യാപനത്തിലൊതുങ്ങി
വിലങ്ങാട്∙ വീടു നഷ്ടമായവർക്ക് 15 ലക്ഷം രൂപ വീതം നൽകാനുള്ള തീരുമാന പ്രകാരം 21 പേരുടെ സമ്മതപത്രം വില്ലേജ് അധികൃതർ വാങ്ങിച്ചതല്ലാതെ തുക നൽകാനുള്ള നടപടിയൊന്നുമായിട്ടില്ല. 30 പേർക്ക് 15 ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയെന്ന് സിപിഎം നേതൃത്വം അറിയിച്ചെങ്കിലും ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. 30 വീടുകൾ നിർമിക്കാൻ തുക അനുവദിക്കുമെന്നതു സംബന്ധിച്ചും വില്ലേജ് അധികൃതർക്ക് വിവരമൊന്നുമില്ല. ക്രിസ്ത്യൻ സംഘടനകളും ഷാഫി പറമ്പിൽ എംപിയും വീടുകളുടെ നിർമാണം തുടങ്ങിയതല്ലാതെ സർക്കാർ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തിട്ടില്ല.