പൈപ്പുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം

Mail This Article
പൊന്നാനി ∙ പുനർഗേഹം ഭവന സമുച്ചയത്തിൽ ജലഅതോറിറ്റിയുടെ ശുദ്ധജല പൈപ്പുകൾ സ്ഥാപിക്കുന്നതിൽ ആശയക്കുഴപ്പം. മുകൾ നിലയിലെ വീടുകളിലേക്ക് പൈപ്പ് എത്തിക്കാൻ കഴിയില്ലെന്ന് ജലഅതോറിറ്റി. പൈപ്പുകൾ വീടുകൾക്ക് താഴെ സ്ഥാപിക്കാമെന്നും മുകളിലെ നിലയിലേക്ക് പൈപ്പ് എത്തിച്ചാൽ വിജയകരമാകില്ലെന്നും ജലഅതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു. പകരം സമീപത്ത് പുതിയ ടാങ്ക് സ്ഥാപിച്ച് ജലഅതോറിറ്റി നേരിട്ട് ടാങ്കിലേക്ക് ശുദ്ധജലമെത്തിച്ചശേഷം ഇൗ ജലം മുഴുവൻ വീടുകളിലേക്കും എത്തിക്കാൻ മറ്റൊരു പദ്ധതി തയാറാക്കിയാൽ മതിയാകുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.
നിലവിലുള്ള പദ്ധതിയിലെ പാകപ്പിഴകൾ ജലഅതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടും പുതിയ പദ്ധതി തയാറാക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗം നടപടി സ്വീകരിക്കുന്നില്ലെന്ന് ഭവന സമുച്ചയത്തിലെ വീട്ടുകാർ പറയുന്നു. ശുദ്ധജലം വിതരണം ചെയ്യുന്നതിന് വീടുകൾക്ക് മുൻപിൽ പുതിയ കിണറും ഒപ്പം തന്നെ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് ജലഅതോറിറ്റിയുടെ പൈപ്പുകൾ നേരിട്ട് വീടുകളിലേക്കെത്തിക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗം പദ്ധതി തയാറാക്കിയിരിക്കുന്നത്. 32 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
പദ്ധതിയുടെ ആലോചനായോഗത്തിലും തുടർന്നും സാങ്കേതിക പ്രശ്നങ്ങൾ ജലഅതോറിറ്റി അധികൃതർ ഹാർബർ എൻജിനീയറിങ് വിഭാഗത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വീടുകളിലെ മലിന ജലപ്രശ്നത്തിന് ഇപ്പോഴും പരിഹാരമായിട്ടില്ല. മലിന ജലം ഭവന സമുച്ചയത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുകയാണ്.മലിന ജല സംസ്കരണ പ്ലാന്റ് നിർമിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നാണ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.