സ്റ്റുഡിയോ സൂപ്പറാ...സീസൺ സൂപ്പറാക്കി

Mail This Article
മലപ്പുറം ∙ ഇത്തവണത്തെ സെവൻസ് ഫുട്ബോൾ സീസൺ സൂപ്പറാക്കിത്തുടങ്ങി മലപ്പുറത്തിന്റെ സ്വന്തം സൂപ്പർ സ്റ്റുഡിയോ ടീം. സെവൻസ് ഫുട്ബോൾ അസോസിയേഷൻ നൽകിയ വിവരമനുസരിച്ച് ഇതുവരെ കഴിഞ്ഞ 9 അഖിലേന്ത്യാ ടൂർണമെന്റുകളിൽ നിന്ന് മൂന്നു കിരീടങ്ങൾ സൂപ്പർ സ്റ്റുഡിയോ സ്വന്തമാക്കിക്കഴിഞ്ഞു. പെരുമ്പാവൂർ ലെജൻഡ്സ്, ഒതുക്കുങ്ങൽ റോയൽ, മണ്ണാർക്കാട് എംഎഫ്എ ടൂർണമെന്റുകളിലാണ് സൂപ്പർ സ്റ്റുഡിയോ വെന്നിക്കൊടി പാറിച്ചത്.
ഒരു കിരീടം വീതം നേടിയ കെഎംജി മാവൂർ, അൽമദീന ചെർപ്പുളശ്ശേരി, തൃശൂർ ഉഷ എഫ്സി, മാവൂർ ജവാഹർ, യുണൈറ്റഡ് നെല്ലിക്കുത്ത്, എവൈസി ഉച്ചാരക്കടവ് എന്നീ ടീമുകളാണ് സൂപ്പർ സ്റ്റുഡിയോയ്ക്കു പിന്നിൽ. ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽനിന്നുള്ള ഫോക്സി ബല്ലാക്ക് മൻസാരി എന്ന താരമാണ് ഇത്തവണ സൂപ്പർ സ്റ്റുഡിയോയുടെ തുറുപ്പുചീട്ട്. ഈ സീസണിൽ ഇതുവരെ 31 ഗോളുകളാണ് മൻസാരി അടിച്ചുകൂട്ടിയത്. വിവിധ ജില്ലകളിലായി 40 അഖിലേന്ത്യാ ടൂർണമെന്റുകളാണ് ഈ സീസണിൽ നടക്കുക. ഇതിൽ 18 എണ്ണം മലപ്പുറം ജില്ലയിലാണ്.