‘സമൂസ’ എന്നു പറഞ്ഞാൽ അതേതു ‘മൂസ’യെന്ന് നാട്ടുകാർ ചോദിച്ചു; ഇന്നത് ‘സമൂസപ്പടി’യായി
Mail This Article
മലപ്പുറം ∙ മലപ്പുറംകാർക്ക് സമൂസയെന്ന വിഭവത്തെ പരിചയപ്പെടുത്തിയ, സമൂസപ്പടി എന്ന സ്ഥലപ്പേരിനു കാരണക്കാരനായ വരിക്കോടൻ കുഞ്ഞമ്മു അക്കഥ ഓർത്തെടുക്കുന്നതിങ്ങനെ: ‘1958ൽ വളരെ ചെറിയ പ്രായത്തിൽ തന്നെ ഞാൻ നാടുവിട്ടു. ഞാൻ മാത്രമല്ല, കുറേപ്പേർ അക്കാലത്ത് ഇവിടം വിട്ടു പോയിട്ടുണ്ട്. നാടുവിടലിന്റെ കാലം എന്നു വേണമെങ്കിൽ പറയാം. അത്രയ്ക്കു ദാരിദ്ര്യമായിരുന്നു ഇവിടെ. ഹൈദരാബാദിലേക്കാണ് പോയത്. പല ഹോട്ടലുകളിൽ പാത്രം കഴുകലും ഗ്ലാസ് കഴുകലുമായി കുറേക്കാലം.
പതുക്കെപ്പതുക്കെ അടുക്കളയിലേക്കു പ്രവേശനം കിട്ടിത്തുടങ്ങി. ബർമക്കാരൻ മൂസാക്ക എന്നു വിളിക്കപ്പെടുന്ന ആളുടെ ഹോട്ടലിൽ നിൽക്കുമ്പോഴാണ് ഞാൻ സമൂസ ഉണ്ടാക്കാൻ പഠിക്കുന്നത്. ആ ഹോട്ടലിന്റെ പേര് കൃത്യമായി ഓർക്കുന്നില്ല. ഹൈദർ എന്നയാളാണ് സമൂസയുണ്ടാക്കാൻ പഠിപ്പിച്ചത്. അത് അന്ന് ഹൈദരാബാദിലെ ഫെയ്മസ് വിഭവമായിരുന്നു. 1978ൽ ഞാൻ നാട്ടിലേക്കു തിരിച്ചെത്തി. ഒരു ബിസിനസ് എന്ന നിലയ്ക്ക് സമൂസ കച്ചവടം തുടങ്ങി. അന്ന് ഇവിടത്തുകാർക്ക് ഈ വിഭവത്തെക്കുറിച്ച് അറിയില്ലായിരുന്നു. സമൂസ എന്നു പറഞ്ഞാൽ അതേതു മൂസ എന്നൊക്കെയായിരുന്നു ചോദിച്ചത്.
ഒരണ്ണത്തിനു 15 പൈസയായിരുന്നു അന്നത്തെ വില എന്നാണ് ഓർമ. ഞാൻ ഉണ്ടാക്കും എ.പി. അബ്ദു എന്നയാൾ കൊണ്ടു വിൽക്കും. പ്രദേശത്തുകാരൻ തന്നെയായ കുഞ്ഞലവിയാണ് സമൂസയുണ്ടാക്കുന്ന രീതി എന്നിൽ നിന്ന് ആദ്യം പഠിച്ചെടുക്കുന്നത്. പിന്നീട് അതങ്ങനെ പല കണ്ണികളായി വളർന്ന് ഇപ്പോൾ സമൂസപ്പടി എന്ന സ്ഥലപ്പേരു വരെയെത്തി നിൽക്കുന്നു.