‘എന്റെ കേരളം’ മെഗാ പ്രദർശന, വിപണന മേള ഇന്നു മുതൽ

Mail This Article
പൊന്നാനി ∙ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദർശന,വിപണന മേള ഇന്നു തുടങ്ങും. മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പൊന്നാനി എവി ഹൈസ്കൂൾ ഗ്രൗണ്ടിൽ അത്യാധുനിക സൗകര്യങ്ങളോടെ വിശാലമായ വേദിയാണ് ഒരുക്കിയിരിക്കുന്നത്. 110 തീം സർവീസ് സ്റ്റാളുകൾ, 125 വിപണന യൂണിറ്റുകൾ, രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടെക്നോ ഡെമോ, സ്പോർട്സ്–ചിൽഡ്രൻ സോണുകൾ, 12 സെമിനാറുകൾ, 12 കലാ സാംസ്കാരിക പരിപാടികൾ എന്നിവ നടക്കും.
ജില്ലയിലെ ഏറ്റവും വലിയ പ്രദർശന,വിപണന മേളയ്ക്കാണു പൊന്നാനിയിൽ അരങ്ങൊരുങ്ങുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ 35 ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങളും കുടുംബശ്രീയുടെ മേൽനോട്ടത്തിൽ രുചിവൈവിധ്യങ്ങളുടെ ഭക്ഷ്യമേളയും നടക്കും. എല്ലാ ദിവസവും വൈകിട്ടു കലാപരിപാടികൾ നടക്കും.
ഇന്നു വൈകിട്ടു മാപ്പിള കലകളുടെ ‘കൊട്ടും പാട്ടും’ എന്ന പരിപാടി നടക്കും. സലീം കോടത്തൂരും മകൾ ഹന്നയും വേദിയിലെത്തും. ഒപ്പന, കോൽക്കളി തുടങ്ങിയവയും നടക്കും. 9നു വൈകിട്ട് 4.30നു സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ബോഡി ഷോ, കളരിപ്പയറ്റ് പ്രദർശനം. രാത്രി സിനിമാ പിന്നണി ഗായകൻ ഷഹബാസ് അമൻ നയിക്കുന്ന സംഗീത വിരുന്ന്.
10നു കലാഭവൻ അഷ്റഫും സംഘവും അവതരിപ്പിക്കുന്ന മിമിക്സ് ജോക്സ്, രാത്രി 7ന് ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശ, 11നു വൈകിട്ട് കണ്ണൂർ ലാസ്യ ഫൈൻ ആർട്സ് കോളജ് അവതരിപ്പിക്കുന്ന ‘സൂര്യപുത്രൻ’ നൃത്ത ശിൽപം, 12നു രാത്രി ഹിഷാം അബ്ദുൽ വഹാബിന്റെ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ‘ഹൃദ്യം ഹിഷാം നൈറ്റ്’, 13നു യുംനയും അജിനും സംഘവും അവതരിപ്പിക്കുന്ന ‘യുംന നൈറ്റ്’, 14നു സൂഫി ഗസൽ എന്നിവ നടക്കും.