നവീകരണം പൂർത്തിയായി; മിസ്‍രി പള്ളി ഇനി പൈതൃക ഭവനം

Mail This Article
പൊന്നാനി ∙ പുനരുദ്ധാരണം സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കിയ പൊന്നാനി മിസ്‍രി പള്ളി ഇനി പൈതൃക ഭവനം. 10നു വൈകിട്ട് 4.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി.നന്ദകുമാർ എംഎൽഎ ആധ്യക്ഷ്യം വഹിക്കും. നൂറ്റാണ്ടുകളുടെ പൈതൃകവും പാരമ്പര്യവും ഉൾക്കൊള്ളുന്ന മിസ്‍രി പള്ളി 85 ലക്ഷം രൂപ ചെലവഴിച്ചാണു നവീകരിച്ചത്.
പള്ളിയുടെ മേൽക്കൂരയടക്കം തകർച്ചയിലായപ്പോൾ പഴമ കൈവിടാതെ നവീകരിക്കാൻ മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുൻകയ്യെടുത്താണ് പുനരുദ്ധാരണത്തിന് സർക്കാർ സഹായമെത്തിച്ചത്. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക ലഭ്യമാക്കിയത്.
പതിനാറാം നൂറ്റാണ്ടിലാണ് മിസ്‍രി പള്ളി നിർമിക്കപ്പെട്ടതെന്നാണ് ചരിത്രരേഖകൾ പറയുന്നത്. പോർച്ചുഗീസുകാർ ക്കെതിരെയുള്ള പോരാട്ടത്തിൽ സാമൂതിരി–കുഞ്ഞാലിമരയ്ക്കാർ സൈന്യത്തെ സഹായിക്കാൻ ഇൗജിപ്തിൽനിന്നു സൈന്യം വന്നിരുന്നുവെന്നും അവർക്കുവേണ്ടി നിർമിച്ച പള്ളിയാണിതെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.