ADVERTISEMENT

പൊന്നാനി ∙ ‘അധികാരികൾ അഹങ്കാരികളായാൽ.. അവർ തമ്മിൽ കൊമ്പുകോർക്കാൻ തുടങ്ങിയാൽ.. ഒരു നാടിന്റെ വികസനം ഇല്ലാതാകും’. പുളിക്കക്കടവ് തൂക്കുപാലം നൽകുന്ന പാഠമാണിതെന്ന് നാട്ടുകാർ പറഞ്ഞുതുടങ്ങിയിരിക്കുന്നു. പാലം നവീകരിക്കേണ്ട സമയത്ത് പരസ്പരം പഴിചാരിയിരുന്നു.. ഡിടിപിസിയാണ് പാലം നവീകരിക്കേണ്ടതെന്ന് നഗരസഭ പറഞ്ഞു.. നഗരസഭയാണ് പാലം നവീകരിക്കേണ്ടതെന്ന് നഗരസഭയും മാസങ്ങളോളം പറഞ്ഞുകൊണ്ടിരുന്നു.. ഒടുവിൽ പാലം ആർക്കും ഉപയോഗിക്കാൻ കഴിയാത്ത തരത്തിൽ നശിച്ചു. ഇപ്പോൾ നാട്ടുകാരുടെ ആശ്രയം പഴയ കടത്തു തോണി. 

പുളിക്കക്കടവ് തൂക്കുപാലത്തിൽ 
യാത്ര നിരോധിച്ചു കൊണ്ടു 
സ്ഥാപിച്ച കലക്ടറുടെ 
മുന്നറിയിപ്പ് ബോർഡ്.
പുളിക്കക്കടവ് തൂക്കുപാലത്തിൽ യാത്ര നിരോധിച്ചു കൊണ്ടു സ്ഥാപിച്ച കലക്ടറുടെ മുന്നറിയിപ്പ് ബോർഡ്.

പാലത്തിന് ചുവട്ടിൽ മാറഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കടത്ത് സർവീസ് തുടങ്ങിയിരിക്കുകയാണ്. ജീവൻ പണയപ്പെടുത്തി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തോണിയിൽ മറുകര കടക്കേണ്ടി വരുന്നു. ഒന്നര കോടി രൂപ ചെലവഴിച്ചു നിർമിച്ച തൂക്കുപാലമുണ്ടായിട്ടും അതിലൂടെ യാത്ര ചെയ്യാൻ കഴിയാതെ പാലത്തിന് താഴെ കായലിലൂടെ തോണിയിൽ അപകടകരമായി മറുകര കടക്കുന്ന ഓരോ വിദ്യാർഥിക്കും പുളിക്കക്കടവ് പാലം ഒരു പാഠമാണ്. ‘നാട്ടുകാരുടെ ദുരിതമറിയാതെ പരസ്പരം കുറ്റപ്പെടുത്തിയിരിക്കുന്ന അധികാരികൾ നാടു ഭരിച്ചാൽ ഇതായിരിക്കും അവസ്ഥ’യെന്ന് ഏറെ അമർഷത്തോടെയാണ് നാട്ടുകാർ പറയുന്നത്. 

ഒരു വർഷത്തിലധികമായി പാലം അപകടാവസ്ഥയിലാണ്. ഓരോ തവണ വാർത്തയാകുമ്പോഴും പ്രതിഷേധം ശക്തമാകുമ്പോഴും ഡിടിപിസിയും നഗരസഭയും പരസ്പരം പഴിചാരി തടിയൂരും. ഒടുവിൽ വലിയൊരു വികസന പദ്ധതി തന്നെ പൊന്നാനിക്ക് നഷ്ടമായി. ഇപ്പോഴും എന്തു ചെയ്യണമെന്ന ചർച്ചകൾക്ക് ചൂടുപിടിച്ചിട്ടില്ല. ദിവസവും രാവിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ തോണിയിലാണ് യാത്ര ചെയ്യുന്നത്. രാത്രിയിൽ മറുകര കടക്കാൻ നിർവാഹമില്ല. പൊന്നാനി നഗരസഭയെയും മാറഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിനാണ് ഇൗ ദുരവസ്ഥ. നാളെ : ലക്ഷ്യമില്ലാതെ ചെലവഴിച്ച കോടികൾക്ക് ആര് ഉത്തരം പറയും..?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com