കടകളിൽ മോഷണം; 67,000 രൂപ കവർന്നു
![malappuram-theft വാണിയമ്പലത്തു കടകളിൽ മോഷണം നടത്തിയ രണ്ടു പേരുടെ
ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞപ്പോൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2023/8/6/malappuram-theft.jpg?w=1120&h=583)
Mail This Article
വണ്ടൂർ ∙ വാണിയമ്പലത്തെയും ശാന്തിനഗറിലെയും അത്താണിക്കലിലേയും കടകളിൽ മോഷണം. അത്താണിക്കലിൽ ചിറയ്ക്കൽ വീട്ടിൽ ശ്രീധരൻ നടത്തുന്ന പലചരക്കുകടയിൽ നിന്നു 67,000 രൂപ മോഷണം പോയതായി പൊലീസിൽ പരാതി നൽകി. കടയിൽ വാഹനങ്ങളിൽ സാധനങ്ങൾ ഇറക്കുന്നവർക്കു കൊടുക്കാൻ സൂക്ഷിച്ചിരുന്ന പണമാണു നഷ്ടപ്പെട്ടത്. ബാങ്കിൽ നിന്നെടുത്ത നിത്യനിധി നിക്ഷേപ തുകയും ഉണ്ടായിരുന്നു. ശ്രീധരന്റെ മകൻ രാത്രി 10.30നു കടയടച്ചു പോയശേഷമാണു മോഷണം നടന്നിട്ടുള്ളത്.
വാണിയമ്പലത്തെയും ശാന്തിനഗറിലെയും കടകളിൽ കയറിയെങ്കിലും പണമോ സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. കടകളുടെ പൂട്ടു പൊളിച്ച് അകത്തു കടക്കുകയായിരുന്നു. ഒരു കടയിലെ സിസിടിവി ക്യാമറയിൽനിന്നു പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി. തിരൂരിൽനിന്നു ഷൊർണൂരിലേക്കു ട്രെയിൻ കയറിയതായി സൂചന ലഭിച്ചതിനെ തുടർന്നു രണ്ടിടത്തും പൊലീസ് തിരച്ചിൽ നടത്തി.