പാലം തകർന്നു; അക്കരയിക്കരെ പോക്കുവരവിന് ബസില്ല

Mail This Article
കൂട്ടായി ∙ പാലം കേടായതോടെ അക്കരയിക്കരെ പോകാൻ ബസില്ലാതെ വലഞ്ഞ് കൂട്ടായിക്കാരും മംഗലത്തുകാരും. പ്രശ്നം പരിഹരിക്കാൻ അടുത്തയാഴ്ച മന്ത്രി യോഗം വിളിച്ചു. മധ്യഭാഗത്തെ തൂണുകൾക്ക് ബലക്ഷയം വന്നതോടെയാണ് കൂട്ടായി റഗുലേറ്റർ കം ബ്രിജ് വഴിയുള്ള ഗതാഗതം നിയന്ത്രിച്ചു തുടങ്ങിയത്. ബസുകൾ അടക്കമുള്ള വലിയ വഹനങ്ങളാണ് നിയന്ത്രിച്ചത്. ഇതോടെ തിരൂർ പുഴയുടെ ഇരുകരകളിലേക്കും പോകാൻ വിദ്യാർഥികൾ അടക്കമുള്ളവർക്ക് നടക്കേണ്ട സ്ഥിതിയായി.
പുഴയുടെ ഒരു വശത്ത് കൂട്ടായിയും മറുവശത്ത് മംഗലവുമാണ്. കൂട്ടായി ഭാഗത്തുള്ള ഹയർസെക്കൻഡറി സ്കൂൾ, കോളജ് എന്നിവിടങ്ങളിലേക്ക് മംഗലം ഭാഗത്തുനിന്ന് ഒട്ടേറെ വിദ്യാർഥികൾ പഠിക്കാൻ പോകുന്നുണ്ട്. ബസിലായിരുന്നു ഇവരുടെ യാത്ര. പാലത്തിലൂടെ ഗതാഗതം നിയന്ത്രച്ചിതോടെ വിദ്യാർഥികൾക്ക് നടക്കേണ്ട സ്ഥിതിയായി. മംഗലത്തുള്ള പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലേക്ക് കൂട്ടായി ഭാഗത്തുനിന്ന് പോകുന്നവരും പ്രയാസത്തിലായി. നിലവിൽ പാലത്തിന്റെ ഇരുകരകളിലും എത്തുന്ന തരത്തിൽ 2 ബസ് സർവീസുകളുണ്ട് എന്നതാണ് ഏക ആശ്വാസം.
പാലത്തിൽ നിയന്ത്രണം വന്നതോടെ പരപ്പനങ്ങാടിയിൽനിന്ന് ഇതുവഴി പൊന്നാനിയിലേക്കു സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സർവീസുകളും നിർത്തി. കേടായ റഗുലേറ്റർ മാറ്റുന്ന പ്രവൃത്തിക്കായി പുഴയുടെ ഒരു ഭാഗം ബണ്ട് നിർമിച്ച് ഒഴുക്ക് തടഞ്ഞിരുന്നു. ഇതോടെ വെള്ളം കുത്തിയൊലിച്ചതാണ് തൂണുകൾക്ക് തകരാറുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡിനോടു ചേർന്നുണ്ടായിരുന്ന മണ്ണ് മാറ്റിയതും പ്രശ്നമായെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം റഗുലേറ്ററിന്റെ പണി നടന്നതുമില്ല. പാലം കേടായതോടെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ മന്ത്രിയെ പഞ്ചായത്ത് വിവരമറിയിച്ചു. അടുത്തയാഴ്ച മന്ത്രി റോഷി അഗസ്റ്റിൻ ഇക്കാര്യത്തിന് തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. ഇതോടെ പ്രശ്നത്തിനു പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.