മതസൗഹാർദത്തിന്റെ ഇഫ്താർ; തേലക്കാട് ജുമാമസ്ജിദിൽ നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ നൽകി ഗോപാലൻ
Mail This Article
വെട്ടത്തൂർ∙തേലക്കാട് ജുമാമസ്ജിദിൽ ഇന്നലെ നടന്ന ഇഫ്താറിനു മതസൗഹാർദത്തിന്റെ മധുരം കൂടിയുണ്ട്. ഇഫ്താറിനു വേണ്ടിയുള്ള കാരയ്ക്ക, പഴങ്ങൾ, എണ്ണക്കടികൾ തുടങ്ങിയ വിഭവങ്ങൾ നൽകിയത് മസ്ജിദിനു സമീപത്തെ ചീനിക്കൽ ഗോപാലൻ ആണ്. ജുമാമസ്ജിദിലെത്തിയ വിശ്വാസികൾക്കൊപ്പം ഗോപാലനും ഇഫ്താറിൽ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് ഗോപാലൻ നോമ്പുതുറയ്ക്കുള്ള വിഭവങ്ങൾ നൽകുന്നത്.
അതിനു മുൻപ് സ്കൂളിനു സമീപമുള്ള നിസ്കാരപ്പള്ളിയിലേക്കു വിഭവങ്ങൾ നൽകിയാണ് തുടക്കം കുറിച്ചത്. ഭാര്യ സുശീലയും മക്കളായ ശ്രീജ, ജിനേഷ്, വിനോദ്, വിജിഷ എന്നിവരും ഗോപാലനു പിന്തുണ നൽകുന്നുണ്ട്. തേലക്കാട് ജനകീയ അയ്യപ്പൻ വിളക്ക് ആഘോഷ കമ്മിറ്റി പ്രസിഡന്റ്, തേലക്കാട് പരിക്കിട്ടിരി ശ്രീരാമ സ്വാമി ക്ഷേത്രം പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു ഗോപാലൻ. അയ്യപ്പൻ വിളക്ക് ഉണ്ടാകുമ്പോൾ അന്നദാനത്തിന്റെ ചെലവ് വഹിക്കാറുണ്ട്.