അതിജീവനത്തുഴച്ചിലിന് വീണ്ടുമൊരു ചങ്ങാടം; പാലം നശിച്ചശേഷം നിർമിക്കുന്ന അഞ്ചാമത്തെ ചങ്ങാടം

Mail This Article
വഴിക്കടവ് ∙ പുന്നപ്പുഴയിലെ പുഞ്ചക്കൊല്ലിക്കടവ് കടക്കാൻ ആദിവാസികൾ പുതിയ ചങ്ങാടമുണ്ടാക്കി. ഉപയോഗിച്ചു വന്നിരുന്ന ചങ്ങാടം കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയ്ക്കിടെ കടവു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു തകർന്നിരുന്നു. പുഴയ്ക്ക് അക്കരെ വനത്തിനുള്ളിലെ പഞ്ചക്കൊല്ലി, അളയ്ക്കൽ എന്നിവിടങ്ങളിലെ ആദിവാസി കുടുംബങ്ങൾക്കു പുറംലോകത്തെത്താൻ മുളനിർമിത ചങ്ങാടം മാത്രമാണ് ആശ്രയം.
പുഞ്ചക്കൊല്ലി വനസംരക്ഷണ സമിതിയുടെയും പ്ലാന്റേഷൻ കോർപറേഷന്റെ പുഞ്ചക്കൊല്ലി എസ്റ്റേറ്റിന്റെയും സഹകരണത്തോടെ ആദിവാസികൾ തന്നെയാണു കാട്ടിൽനിന്നു മുളവെട്ടി എത്തിച്ചു ചങ്ങാടം നിർമിച്ചത്. പുഞ്ചക്കൊല്ലി കടവിലുണ്ടായിരുന്ന ഇരുമ്പുപാലം പ്രളയത്തിൽ തകർന്ന ശേഷം ഇവരുണ്ടാക്കുന്ന അഞ്ചാമത്തെ ചങ്ങാടമാണിത്. പുതിയ പാലം എത്രയും വേഗം യാഥാർഥ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.