അയൽ സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ പാൽ മിൽമയ്ക്ക് മറിച്ചുവിറ്റ് പണം തട്ടി
Mail This Article
നിലമ്പൂർ ∙ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത പാൽ ക്ഷീരോൽപാദക സഹകരണ സംഘങ്ങൾ മുഖേന കൂടിയ വിലയ്ക്ക് മിൽമയ്ക്കു നൽകി തട്ടിപ്പ്. മലപ്പുറം ജില്ലയിലെ 2 ക്ഷീരോൽപാദക സഹകരണ സംഘങ്ങൾക്കെതിരെ അന്വേഷണം തുടങ്ങി.മിൽമ മലബാർ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ (എംആർസിഎംപിയു ) നിലമ്പൂർ യൂണിയന്റെ കീഴിലെ 2 സംഘങ്ങളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ലീറ്ററിന് 38 രൂപയ്ക്ക് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള പാൽ വാങ്ങി 45 രൂപയ്ക്ക് മിൽമയ്ക്ക് കൈമാറുകയായിരുന്നു.
ഗുണനിലവാര പരിശോധനയില്ലാതെയാണ് പാൽ എടുത്തിരുന്നതെന്നും പറയുന്നു. പാൽ അളക്കാത്ത നിഷ്ക്രിയ അംഗങ്ങളുടെ പേരിൽ കൃത്രിമ രേഖകൾ ഉണ്ടാക്കിയാണ് പണം കൈക്കലാക്കിയത്.ജില്ലയിൽ പാൽ സംഭരണ ചുമതല മലബാർ മേഖലാ യൂണിയൻ നിലമ്പൂർ യൂണിറ്റിനാണ്. ചില സംഘങ്ങളിൽനിന്ന് പതിവിലേറെ പാൽ അളക്കുന്നത് യൂണിറ്റ് ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. ചോദിച്ചപ്പോൾ പുതുതായി തുടങ്ങിയ ഡെയറി ഫാമുകളിൽ നിന്നുള്ളതാണെന്ന് സംഘം അധികൃതർ വിശദീകരിച്ചു. പുതിയ ഫാമുകൾക്ക് മിൽമയും സർക്കാരും ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ആനുകൂല്യം അനുവദിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചപ്പോൾ ഫാം തന്നെ ഉണ്ടായിരുന്നില്ല.
ഫെബ്രുവരി മുതൽ ഏപ്രിൽ വരെ വേനൽക്കാല പ്രോത്സാഹനം, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പ്രത്യേക ഇൻസെന്റീവ് എന്നീ നിലകളിൽ ലീറ്ററിന് 2 രൂപ വീതം കർഷകർക്ക് മിൽമ അധിക വില അനുവദിച്ചിരുന്നു. ഈ പണവും കർഷകരുടെ കള്ളഒപ്പിട്ട് സംഘം അധികൃതർ കൈക്കലാക്കിയതായി പറയുന്നു.തട്ടിപ്പ് കണ്ടെത്തിയ 2 സംഘങ്ങളിൽ ഒന്ന് യുഡിഎഫ് ആണ് ഭരിക്കുന്നത്. എൽഡിഎഫാണ് രണ്ടാമത്തെ സംഘം ഭരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് നിലമ്പൂർ യൂണിറ്റ് അധികൃതർ മേഖലാ യൂണിയൻ മേധാവികൾക്കു കൈമാറിയാതായാണ് സൂചന.