കുറ്റിപ്പുറം ഗവ.കണ്ണാശുപത്രി എന്നു തുറക്കും ? ലക്ഷങ്ങൾ പാഴാകുന്നു

Mail This Article
കുറ്റിപ്പുറം ∙ അടഞ്ഞുകിടക്കുന്ന കുറ്റിപ്പുറം ഗവ.കണ്ണാശുപത്രി കെട്ടിടത്തിൽ ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങൾ കെട്ടിക്കിടന്ന് നശിക്കുന്നു.കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയോട് ചേർന്ന് ഒന്നരവർഷം മുൻപ് പൂർത്തിയായ കണ്ണാശുപത്രി കെട്ടിടത്തിലാണ് രോഗികൾക്കുള്ള കിടക്കകളും മറ്റു ഉപകരണങ്ങളും മാസങ്ങളായി പൊടിപിടിച്ചു കിടക്കുന്നത്.ആശുപത്രിയുടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെങ്കിലും ആവശ്യമായ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ആരോഗ്യവകുപ്പ് അനുവദിക്കാത്തതിനെ തുടർന്നാണ് ഉദ്ഘാടനം നീണ്ടുപോകുന്നത്. ജീവനക്കാരുടെ നിയമനം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ആശുപത്രി തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെത്തവണ നിവേദനം നൽകിയെങ്കിലും സർക്കാർ നടപടി എടുത്തില്ലെന്ന് കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി ഉടൻ തുറക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഒന്നര വർഷമായിട്ടും ഉദ്ഘാടനം ചെയ്യാതെ കിടക്കുന്നത്.
നാഷനൽ ഹെൽത്ത് മിഷനിൽ നിന്നുള്ള 1.54 കോടി രൂപ ചെലവിട്ടാണ് ഇരുനിലകളിലായി ആശുപത്രി കെട്ടിടം നിർമിച്ചത്.10 കിടക്കകൾ ഉള്ള ഐപി വിഭാഗത്തിനു പുറമേ ഓപ്പറേഷൻ തിയറ്റർ, ഒപി വിഭാഗം അടക്കമുള്ള എല്ലാ സൗകര്യവും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് പുറമേ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും ആശുപത്രിയിലേക്ക് ലക്ഷങ്ങളുടെ ഫർണിച്ചർ കൈമാറിയിട്ടുണ്ട്.താലൂക്ക് ആശുപത്രിയിലെ ഒപി വിഭാഗത്തിൽ നിലവിൽ ഒരു നേത്രരോഗ വിദഗ്ധൻ ഉണ്ടെങ്കിലും രോഗികൾക്ക് ആവശ്യമായ തുടർ ചികിത്സകൾ ഇപ്പോൾ ലഭിക്കുന്നില്ല. ആവശ്യമായ ജീവനക്കാരെയും കൂടുതൽ ഡോക്ടർമാരെയും നിയമിച്ച് കണ്ണാശുപത്രി ഉടൻ ഉദ്ഘാടനം ചെയ്യണമെന്നാണ് എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും നാട്ടുകാരും സർക്കാരിനോട് ആവശ്യപ്പെടുന്നത്.