കോൺഗ്രസിലെ ഭിന്നതകൾ യുഡിഎഫ് വിജയസാധ്യതകളെ ബാധിക്കരുത്: മുസ്‌ലിം ലീഗ്

Mail This Article
മലപ്പുറം ∙ സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പാർട്ടി ഹൈക്കമാൻഡിന്റെ ഇടപെടൽ ഫലപ്രദമല്ലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിൽ വിമർശനം. കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഭിന്നത യുഡിഎഫിന്റെ തിരഞ്ഞെടുപ്പു സാധ്യതകളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയിലുള്ള ഇടപെടൽ ഡൽഹിയിൽ നിന്നുണ്ടാകണമെന്ന അഭിപ്രായവുമുയർന്നു.
മുസ്‌ലിം ലീഗിനെ ശാഖാ തലം മുതൽ തിരഞ്ഞെടുപ്പിനു സജ്ജമാക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾക്കു യോഗം രൂപം നൽകി. രാഷ്ട്രീയ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പറയാനുള്ളത് 27നു നടക്കുന്ന യുഡിഎഫ് യോഗത്തിൽ പറയുമെന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നു ടേം നിബന്ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച യോഗത്തിലുണ്ടായില്ലെന്നു അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുകൾ അടുത്തെത്തിയതിന്റെ ഗൗരവം കോൺഗ്രസിന്റെ കേന്ദ്ര– സംസ്ഥാന നേതാക്കൾ കാണിക്കുന്നില്ലെന്നു ഭാരവാഹികളിൽ ചിലർ കുറ്റപ്പെടുത്തി. ജയം ഉറപ്പുള്ള ചില സംസ്ഥാനങ്ങൾ കൈവിട്ടു പോയിട്ടും കോൺഗ്രസ് നേതൃത്വം ഉറക്കമുണർന്നില്ലേയെന്ന ചോദ്യവും ചർച്ചയിലുയർന്നു. പാർട്ടിക്കു പറയാനുള്ളത് പറയേണ്ടയിടത്ത് പറയുമെന്നു നേതൃത്വം മറുപടി നൽകി.
അതേസമയം, കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്കു അറിയാമെന്നും യോഗ ശേഷ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിന്റെ കാര്യത്തിൽ അതിരു കടന്ന ആശങ്കയ്ക്കു വകയില്ല. ശശി തരൂർ വിവാദം ചിലപ്പോൾ ഗുണം ചെയ്യുമെന്നും വ്യവസായ രംഗത്തു മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങളോട് എൽഡിഎഫ് എങ്ങനെയാണു പ്രതികരിച്ചതെന്നു ചർച്ച ചെയ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
റമസാൻ മാസത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങാൻ കീഴ്ഘടകങ്ങളെയും പോഷക സംഘടനകളെയും യോഗം ആഹ്വാനം ചെയ്തു. മണൽ ഖനനത്തിനു അനുമതി നൽകാനുള്ള തീരുമാനത്തിനെതിരെ തീരദേശവാസികൾ നടത്തുന്ന പ്രതിഷേധങ്ങൾക്കു പൂർണ പിന്തുണ നൽകും. ഭരണത്തിന്റെ ഹുങ്ക്കൊണ്ടു രക്ഷപ്പെടാമെന്ന വ്യാമോഹം കൊണ്ടാണു എസ്എഫ്ഐ പ്രവർത്തകർ കോളജുകളിൽ കുട്ടികളെ മൃഗീയമായ റാഗിങ്ങിനു വിധേയരാക്കുന്നത്. കലാലയങ്ങളിൽ സമാധാന അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കണം.
തദ്ദേശ തിരഞ്ഞെടുപ്പിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഹിയറിങ് പ്രഹസനമായിരുന്നുവെന്നും നീതി ലഭിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, ക്ഷണിതാക്കൾ, ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവരാണു പങ്കെടുത്തത്.
വഖഫ്: മാർച്ച് 7ന് യോഗം
വഖഫ് ബില്ലുമായി ബന്ധപ്പെട്ട തുടർ നടപടികൾ ചർച്ച ചെയ്യാൻ സമുദായ സംഘടനകളുടെ യോഗം അടുത്ത മാസം 7നു കോഴിക്കോട് ചേരും. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണു യോഗം വിളിച്ചത്.