പുലിപ്പേടിയിൽ ഒരു ദിവസം, കൂട്ടിലായതോടെ സമാധാനം; കാണാനെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പൊലീസ്

Mail This Article
മഞ്ചേരി∙ വനം വകുപ്പിന്റെ കൂട്ടിലകപ്പെട്ടപ്പോഴും വീര്യവും ശൗര്യവും വിടാതെ പുലി. ഒറ്റ രാത്രികൊണ്ട് 7 ആടുകളെ വകവരുത്തിയ പുലിയെ കാണാൻ ആളുകൾ കൂടിയപ്പോൾ കൂട്ടിനകത്ത് ആക്രമാസക്തനായി ശൗര്യം പ്രകടിപ്പിച്ചു. കൂടിനു മീതെ ഷീറ്റ് വിരിച്ചാണ് കാട്ടിൽ വിടാൻ ഗുഡ്സ് ലോറിയിൽ കയറ്റിയത്.ഇന്നലെ രാത്രി 11ന് ആണ് തൃക്കലങ്ങോട് കുതിരാടത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ കാട്ടിൽ വിടാൻ കൊണ്ടുപോയത്. കുതിരാടത്തുനിന്ന് നിലമ്പൂരിലേക്ക്. അവിടെനിന്ന് ഉൾക്കാട്ടിലേക്കു വിടാനാണ് പദ്ധതി. നാട്ടുകാരുടെ സഹായത്തോടെയാണ് വനപാലകർ പുലിയെ ലോറിയിൽ കയറ്റിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് പുലി കൂട്ടിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം കൊന്നു ഭക്ഷിക്കാതെ പോയ ആടിനെയാണ് ഇരയായി കൂട്ടിൽ വച്ചത്.

ഇതിന്റെ മാംസ കഷണങ്ങൾ വഴിയിൽ വിതറിയിരുന്നു. വനപാലകർ സ്ഥലത്ത് പട്രോളിങ് ഏർപ്പെടുത്തിയിരുന്നു. ഇരതേടി പുലിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. വനപാലകർ. കണക്കുകൂട്ടലുകൾ തെറ്റാതെ പുലി കൂട്ടിലകപ്പെട്ടു.വനം വകുപ്പ് കൂട് സ്ഥാപിച്ച് ഒന്നര മണിക്കൂറിനകം പുലി ഇര തേടിയെത്തി. ആടുകളെ കൊന്നു മുഴുവൻ ഭക്ഷിക്കാതെ പോയ പുലി ശേഷിക്കുന്ന ഭക്ഷണം തേടിയുള്ള വരവിലാണ് കൂട്ടിലായത്. അതോടെ ഒരു നാടിന്റെ ശ്വാസം നേരെ വീണു. ഇന്നലെ പകൽ മുഴുവൻ ഉദ്വേഗത്തിന്റെയും പരിഭ്രാന്തിയുടെയും മുൾമുനയിലായിരുന്നു കുതിരാടം. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ആടുകളെ കൊന്നത് പുലിയാണെന്ന് വ്യക്തമായതോടെ നാടാകെ പുലിപ്പേടി പരന്നു.
8 വയസ്സുള്ള ആൺപുലിയാണെന്ന് വെറ്ററിനറി ഡോക്ടർ സ്ഥിരീകരിച്ചു. അങ്ങാടിയിലും കവലകളിലും ചർച്ച പുലിയായി. മൊടക്കപ്പാറയിൽ ആഴ്ചകൾക്കു മുൻപ് ടാപ്പിങ് തൊഴിലാളി പുലിക്ക് സാദൃശ്യമുള്ള ജീവിയെ കണ്ടതും ദിവസങ്ങൾക്കു മുൻപ് സി.പി.സെയ്തലവിയുടെ ഗർഭിണിയായ ആടിനെ കാണാതായതും ചർച്ചയായി. ആദ്യമായാണ് പ്രദേശത്ത് പുലി സാന്നിധ്യം സ്ഥിരീകരിച്ചത്. 10 കിലോമീറ്റർ അകലെ കക്കാടംപൊയിൽ വനമേഖലയിൽനിന്ന് എത്തിയതാകാമെന്നാണ് നിഗമനം. ജനുവരിയിൽ കക്കാടംപൊയിലിനു സമീപം പെരുമ്പൂളയിൽ പുലിയെ കെണി വച്ച് പിടികൂടിയിരുന്നു.
പുലിയിറങ്ങിയ കുതിരാടവും സമീപപ്രദേശങ്ങളായ നെല്ലിക്കുന്ന്, ആനക്കോട്ടുപുറം, വള്ളിയേമ്മൽ പ്രദേശങ്ങളും ജനവാസ മേഖലയാണ്. പുലിയെ കാണാനെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ പൊലീസും വനപാലകരും. പുലി കൂട്ടിൽ കുടുങ്ങിയെന്ന വാർത്ത പരന്നതോടെ നൂറുകണക്കിനാളുകൾ കുതിരാടത്തെത്തി. വീതി കുറഞ്ഞ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്തതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. 3 കിലോമീറ്റർ ദൂരം വരെ വാഹനങ്ങളുടെ നിര നീണ്ടു. പുലിയെ കൊണ്ടുപോകാനുള്ള ഗുഡ്സ് ലോറി മറ്റൊരു വഴിയിലൂടെയാണ് സ്ഥലത്ത് എത്തിച്ചത്. പുലിയെ കയറ്റി കൊണ്ടുപോകുമ്പോഴും ജനക്കൂട്ടം സിഎൻജി റോഡിൽ പിന്തുടർന്നു.