പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് വിതരണം തുടങ്ങി

Mail This Article
മലപ്പുറം∙പുതിയ അധ്യയന വർഷത്തിലേക്കുള്ള പാഠപുസ്തകങ്ങൾ മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ ബുക്ക് ഡിപ്പോയിൽനിന്നു സ്കൂൾ സൊസൈറ്റികളിലേക്കു വിതരണം ചെയ്തു തുടങ്ങി.ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് ക്ലാസുകളിലെ, കഴിഞ്ഞ വർഷം മാറിയ പുസ്തകങ്ങളുടെ റിവൈസ്ഡ് കോപ്പികളും അടുത്ത അധ്യയന വർഷത്തിൽ മാറുന്ന പുസ്തകങ്ങളിൽ പ്രിന്റ് ചെയ്ത് എത്തിയവയുമാണു വിതരണം തുടങ്ങിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് ജില്ലയിലാണ്.പുതിയ അധ്യയന വർഷത്തിലെ പാഠപുസ്തകങ്ങളുടെ ആദ്യഭാഗമായി, ആകെ 78,98,415 എണ്ണമാണു ജില്ലയിൽ വിതരണം ചെയ്യാനുള്ളത്. ഇതിൽ നിലവിൽ 23,65,363 പുസ്തകങ്ങൾ ഡിപ്പോയിൽ എത്തിയിട്ടുണ്ട്. ഇവയിൽ 14,44,545 പുസ്തകങ്ങൾ ഇന്നലെ വൈകിട്ടു വരെ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിച്ചു.ജില്ലയിൽ 17 എഇഒ ഓഫിസ് പരിധികളിലായി 322 സൊസൈറ്റികളാണു നിലവിലുള്ളത്.
ഇവയിൽ 14 എഇഒ ഓഫിസ് പരിധികളിലും, എത്തിയ പുസ്തകങ്ങളുടെ ആദ്യ ഭാഗം ഏറെക്കുറേ എത്തിച്ചിട്ടുണ്ട്.കഴിഞ്ഞ മൂന്നു മുതലാണു പുസ്തക വിതരണം തുടങ്ങിയത്.കൊണ്ടോട്ടി, കിഴിശ്ശേരി, അരീക്കോട് എഇഒ ഓഫിസ് പരിധികളിലാണ് ഇനി പുസ്തക വിതരണം കൂടുതലായും നടത്താനുള്ളത്. അടുത്ത അധ്യയന വർഷം മുതൽ മാറുന്ന, രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ പത്താം ക്ലാസിലെ ഹിന്ദി, സോഷ്യൽ സയൻസ് (ഇംഗ്ലിഷ് മീഡിയം), രസതന്ത്രം (മലയാളം) പുസ്തകങ്ങളും എത്തിയിട്ടുണ്ട്.കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഓരോ സൊസൈറ്റിയിലേക്കും വേണ്ട പുസ്തകങ്ങൾ എണ്ണം തിരിച്ചു കെട്ടുകളാക്കി സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കുന്നത്.പതിനഞ്ചോളം കുടുംബശ്രീ വനിതകളാണ് ഇതിനായി ഡിപ്പോയിൽ ജോലി ചെയ്യുന്നത്. മേയ് പകുതിയോടെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള പുസ്തക വിതരണം പൂർത്തിയാക്കി അൺഎയ്ഡഡ് സ്കൂളുകളിലേക്കുള്ള പുസ്തക വിതരണം തുടങ്ങും.