വിളവെടുക്കാനിരുന്ന കൃഷിയിടത്തിൽ ശുചിമുറിമാലിന്യം തള്ളി

Mail This Article
നിലമ്പൂർ ∙ വിഷുവിനു വിളവെടുക്കാൻ തയാറാക്കിയ പച്ചക്കറി കൃഷിയിടത്തിൽ സാമൂഹികവിരുദ്ധർ ശുചിമുറി മാലിന്യം തള്ളി. നിലമ്പൂർ - കരുളായി സംസ്ഥാന പാതയോരത്ത് മുതീരിയിൽ റിട്ട. ജോയിന്റ് ബിഡിഒ ടി.പി.രാമചന്ദ്രന്റെ കൃഷിയിടത്തിൽ 22നു രാത്രിയാണു സംഭവം. ഇന്നലെ രാവിലെ പയർ വിളവെടുപ്പിനു ചെന്നപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. പരിശോധനയിൽ 1.25 ഏക്കറിൽ മാലിന്യം പരന്നൊഴുകിയത് കണ്ടു. റോഡരികിൽ വാഹനം നിർത്തി കൃഷിയിടത്തിൽ തള്ളിയതിന്റെ അടയാളങ്ങളുണ്ട്. 2 വർഷം മുൻപ് ഇതേ സ്ഥലത്ത് തള്ളിയിരുന്നു. 6 മാസം മുൻപ് ശ്രമം നടന്നു. പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്ന് ടി.പി.രാമചന്ദ്രൻ 2 വർഷം മുൻപ് നഗരസഭയ്ക്കു നിവേദനം നൽകിയതാണ്. കുറ്റക്കാരെ കണ്ടെത്താൻ നിലമ്പൂർ പൊലീസിൽ പരാതി നൽകി. ഇന്ന് നഗരസഭാധികൃതർക്ക് പരാതി നൽകുമെന്ന് രാമചന്ദ്രൻ പറഞ്ഞു.