കുടുംബമൊന്നിച്ചു മൈസൂരുവിലേക്കു നടത്തിയ യാത്ര കണ്ണീരിൽ അവസാനിച്ചു

Mail This Article
കൊണ്ടോട്ടി∙ പെരുന്നാൾ പിറ്റേന്നു കുടുംബമൊന്നിച്ചു മൈസൂരുവിലേക്കു നടത്തിയ സന്തോഷയാത്രയ്ക്കിടെ അപകടം. രണ്ടു പേർ മരിച്ച സംഭവം നാട്ടുകാരെയും ബന്ധുക്കളെയും സങ്കടക്കടലിലാക്കി. മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ അബ്ദുൽ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24), മുസ്‌കാനുൽ ഫിർദൗസ് (21) എന്നിവരാണു മരിച്ചത്. അബ്ദുൽ അസീസും മക്കളും ബന്ധുക്കളും ഉൾപ്പെടെ 9 പേരാണു മൈസൂരുവിലേക്കു പുറപ്പെട്ടത്. ഇന്നലെ പുലർച്ചെ മൂന്നരയോടെ പുറപ്പെട്ട സംഘം എട്ടു മണിയോടെയാണ് അപകടത്തിൽപെട്ടത്.
കൊണ്ടോട്ടി സ്വദേശികൾ സഞ്ചരിച്ച വാഹനം ഗുണ്ടൽപേട്ട –മൈസൂരു റോഡിൽ ബണ്ടഗള്ളി ഗേറ്റിൽ അപകടത്തിൽപെട്ടെന്ന വിവരമാണ് ആദ്യമെത്തിയത്. അപകട സ്ഥലത്തുനിന്നു മലയാളി സന്നദ്ധ പ്രവർത്തകരുടേത് ഉൾപ്പെടെയുള്ള ശബ്ദസന്ദേശവും അപകടത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ടായിരുന്നു. അബ്ദുൽ അസീസും കുടുംബവുമാണ് അപകടത്തിൽപെട്ടതെന്നു മനസ്സിലായതോടെ നാട്ടുകാരും ബന്ധുക്കളും അപകടസ്ഥലത്തേക്കു തിരിച്ചു. മരിച്ച മുഹമ്മദ് ഷഹ്‌സാദ് ദുബായിലെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. 15 ദിവസത്തെ അവധിക്കു കഴിഞ്ഞയാഴ്ചയാണു നാട്ടിലെത്തിയത്.
അടുത്തയാഴ്ച ദുബായിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. മക്കയിൽ ജോലിയുള്ള അബ്ദുൽ അസീസും അവധിക്കു നാട്ടിലെത്തിയതാണ്. മരിച്ച മുസ്കാനുൽ ഫിർദൗസ് കോഴിക്കോട്ടെ സ്ഥാപനത്തിൽ എയർ ഹോസ്റ്റസ് കോഴ്സ് പഠിക്കുകയാണ്. മുസ്കാനുൽ ഫിർദൗസിന്റെ കബറടക്കം അരിമ്പ്ര പഴങ്ങരത്തൊടി ജുമാമസ്ജിദിലും മുഹമ്മദ് ഷഹ്സാദിന്റെ കബറടക്കം വലിയപറമ്പ് ചാലിൽ ജുമാമസ്ജിദിലും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അബ്ദുൽ അസീസ്, മക്കളായ മുഹമ്മദ് അദ്‌നാൻ (18), മുഹമ്മദ് ആദിൽ (16), സഹ്ദിയ സുൽഫ (25), സഹ്ദിയ സുൽഫയുടെ മക്കളായ ആദം റബീഹ് (5), അയ്യത്ത് (എട്ട് മാസം), അബ്ദുൽ അസീസിന്റെ സഹോദരൻ മുഹമ്മദലിയുടെ മകൻ മുഹമ്മദ് ഷാനിജ് (15) എന്നിവർക്കാണു പരുക്കേറ്റത്.